തിരുവനന്തപുരം നഗരസഭയിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനവും പാളയം എ ബ്‌ളോക്കിൽ പുതിയതായി നിർമിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനവും ഇന്റഗ്രേറ്റഡ് കമാന്റ് കൺട്രോൾ സെന്ററും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്തു.

നഗരങ്ങളുടെ അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്.

5.64 കോടി രൂപ ചെലവഴിച്ച് ഏഴു നിലകളിലാണ് നഗരസഭ അങ്കണത്തിലെ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 102 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. പാളയം മാർക്കറ്റ് നവീകരണം പൂർത്തിയാവുന്നതോടെ ഇവിടെ കൂടുതൽ പേർ എത്തുമെന്നും അപ്പോൾ കൂടുതൽ പാർക്കിംഗ് സൗകര്യം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയതായി നിർമിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം പാർക്കിംഗ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പാളയം സാഫല്യം കോംപ്‌ളക്‌സിനു പിന്നിൽ 32.99 കോടി രൂപ ചെലവഴിച്ചാണ് മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്. 15 മാസത്തിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തിലെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിക്കാനും പ്രളയം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനും പുതിയതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കമാന്റ് ആന്റ് കൺട്രോൾ സെന്റർ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1.37 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒൻപത് മാസം കൊണ്ട് പണി പൂർത്തിയാകും.

സംസ്ഥാനത്തെ നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന ജലപാത, അതിവേഗ റെയിൽപാത എന്നിവ യാഥാർത്ഥ്യമാകാനിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസം, ആരോഗ്യ സേവനം, ഗതാഗത സൗകര്യം, വ്യവസായ സംരംഭം, ഐ. ടി അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയിൽ വലിയ മുന്നേറ്റം സാധ്യമായി. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ജനകീയമാകുന്നത് പൊതുജന താത്പര്യം ഉൾക്കൊണ്ട് പദ്ധതി നടപ്പാക്കുമ്പോഴാണ്. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ വലിയ ജനപങ്കാളിത്തം കൊണ്ടുവരാൻ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.