എറണാകുളം: മാല്യങ്കരയിലെ ഉപ്പുകലർന്ന മണ്ണിൽ ഒരു കൂട്ടം യുവതി യുവാക്കളുടെ പരിശ്രമത്തിൻ്റെ ഫലമായി കരനെൽ കൃഷിയിൽ നൂറുമേനി വിജയം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെയും വടക്കേക്കര കൃഷിഭവൻ്റെയും സഹകരണത്തോടെയാണ് കൃഷി നടപ്പാക്കിയത്. അതിജീവന എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കൃഷി. ലോക്ഡൗൺ കാലത്ത് മുപ്പതോളം യുവതീയുവാക്കൾ ചേർന്ന് കൃഷിയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് അതിജീവന.

ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് വിളയിച്ചെടുത്തത്. കൊയ്ത്തുത്സവം പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.‌ യേശുദാസ് പറപ്പിള്ളിയും വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം അംബ്രോസും ചേർന്ന് നിർവഹിച്ചു.

അതിജീവന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് കൊയ്ത്തിന് നേതൃത്വം നൽകി. അതിജീവന പ്രസിഡന്റ്‌ അഖിൽദേവ്, സെക്രട്ടറി കെ.എസ് സനീഷ്, ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി.എസ് പ്രതാപൻ, എന്നിവർ സംസാരിച്ചു.