കേരള നിയമസഭയുടെ യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ, അവരുടെ നിയമനകാര്യങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനായി പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ പങ്കെടുപ്പിച്ച് ആദ്യഘട്ട യോഗം ബുധൻ (ഒക്‌ടോബർ ഏഴ്) രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ നടത്തും. ലഭ്യമായ അപേക്ഷകളിൽ നിന്നും 2020 ഡിസംബർ 31നുള്ളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റ്/എൽ.ജി.എസ്/എൽ.ഡി.സി റാങ്ക് ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടവരുടെ പ്രതിനിധികളിൽ നിന്നും പ്രാതിനിധ്യ സ്വഭാവം അനുസരിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഗൂഗിൾ മീറ്റ് ആപ്പ് ലിങ്ക് എസ്.എം.എസ്/ഇ-മെയിൽ മുഖേന ഇന്ന് (ഒക്‌ടോബർ ആറ്) അയയ്ക്കും. അപേക്ഷകരുടെ എണ്ണവും ഓൺലൈൻ യോഗത്തിന്റെ പരിമിതികളും കണക്കിലെടുത്ത് നിശ്ചിത സമയത്തിനുള്ളിൽ എല്ലാ റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ടവരെയും, പ്രാതിനിധ്യ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ, കേൾക്കുന്നതിന് സമിതി സംവിധാനമൊരുക്കും. രേഖാമൂലം ലഭിക്കുന്ന എല്ലാ പരാതികളും ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചുകൊടുക്കും. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും.