തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ 3.45 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് അംഗീകാരമായി. നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളമില്ലാതെ ആരും ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുള്ളത്. നഗരസഞ്ചയ പദ്ധതി പ്രകാരം നഗരത്തിലെ എല്ലാ റോഡുകളിലും കുടിവെള്ളം സ്ഥാപിക്കുന്നതിന് പൈപ്പ് ലൈൻ വലിക്കുകയും കേടായ പൈപ്പുകൾ മാറ്റി എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിനുമാണ് രണ്ട് കോടി. കൂടാതെ നഗരത്തിലെ മുഴുവൻ വീടുകളിലെ കിണറുകളും സൗജന്യമായി റീചാർജിംഗ് ചെയ്യാനുള്ള പദ്ധതിയ്ക്ക് 1.45 കോടി രൂപയും വകയിരുത്തി. 2020-21 സാമ്പത്തിക വർഷം തന്നെ മുഴുവൻ കുടിവെള്ള പദ്ധതികളും നഗരത്തിൽ നടപ്പാക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ അറിയിച്ചു. നഗരസഭ കൗൺസിൽ ഓൺലൈൻ യോഗത്തിൽ കൗൺസിലർമാരും വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരും പങ്കെടുത്തു.