എറണാകുളം: ഉന്നത നിലവാരത്തിൽ പ്രവർത്തന സജ്ജമായ മണീട് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. രോഗീ സൗഹൃദ പൊതു ആരോഗ്യകേന്ദ്രങ്ങൾ വാർത്തെടുക്കുന്നത് ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് ചൊവ്വാഴ്ച കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെ ഒ.പി സൗകര്യം ലഭ്യമായിരിക്കും. ഞായറാഴ്ച പകല്‍ 1.30വരെ ഒ.പി സൗകര്യം ലഭിക്കും. പുതിയ ക്ലിനിക്കല്‍ ലബോറട്ടറിയും ഒ.പി വിഭാഗവും കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തന സജ്ജമായി.
മണീട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ ക്ലിനിക്കല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ഏലിയാസ്, ജില്ലാ പഞ്ചായത്തംഗം ആശ സനല്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ സോമന്‍, മണീട് പഞ്ചയാത്ത് വൈസ് പ്രസിഡന്‍റ് വി. ജെ ജോസഫ്, ധന്യ സിനേഷ്, പഞ്ചായത്ത് സെക്രട്ടറി സീജ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.