തിരുവനന്തപുരം: ജില്ലയുടെ ആരോഗ്യ മേഖലയ്ക്കു കരുത്തായി 12 കുടുംബാരോഗ്യ കേന്ദ്രങ്ങൾകൂടി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ജില്ലയ്ക്കു സമർപ്പിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായാണു 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. പൊതു ആരോഗ്യ സേവനങ്ങൾക്കു പുറമേ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാണ് ഇത്.
വട്ടിയൂർക്കാവ്, ജഗതി, കീഴാറ്റിങ്ങൽ, കാട്ടാക്കട, കള്ളിക്കാട് ഓൾഡ് (വീരണകാവ്), പനവൂർ, ആനാകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂർ, കള്ളിക്കാട് ന്യൂ (നെയ്യാർ ഡാം), ഇടവ എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായതോടെ ഓരോ പ്രദേശത്തിന്റെയും ആരോഗ്യ രംഗത്തു വലിയ മാറ്റമാണുണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റ് ചികിത്സയ്ക്കും ഇവ വലിയ പങ്കാണു വഹിക്കുന്നത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ സംസ്ഥാനമാകെ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. അതുണ്ടാക്കിയ മാറ്റം സർക്കാരിനും നാടിനും അഭിമാനിക്കാവുന്ന കാര്യമാണ്. രണ്ടാംഘട്ടത്തിൽ 503 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തത്. രണ്ടു ഘട്ടങ്ങളിലുമായി 461 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ബാക്കിയുള്ളവയുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രങ്ങളെ മികവുറ്റതാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കാണു വഹിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഒരു ജനതയുടെ പ്രാഥമികമായ ആരോഗ്യം സംരക്ഷിക്കുന്ന കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്. കോവിഡ് കാലത്തും വലിയ സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ നൽകിവരുന്നതെന്നും മന്ത്രി പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, ജല വിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി എം.എം. മണി, ചീഫ് വിപ്പ് കെ. രാജൻ, ജില്ലയിൽനിന്നുള്ള എംഎൽഎമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി.