എറണാകുളം : കോതമംഗലം മണ്ഡലത്തിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിങ് വഴി നിർവഹിച്ചു. കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ ശിലാഫലകം അനാഛാദനം ചെയ്തു.
കവളങ്ങാട് ഗ്രാമപഞ്ചായത്തിനു പുറമേ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി, മാമലക്കണ്ടം പ്രദേശങ്ങളിലേയും, ഇടുക്കി ജില്ലയിലെ കാഞ്ഞിരവേലി, പഴമ്പിള്ളിച്ചാൽ,കരിമണൽ തട്ടേക്കണ്ണി,വിവിധങ്ങളായ ആദിവാസി കുടികളിലേയും അടക്കമുള്ള സാധാരണക്കാരായ നൂറ് കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രമാണ് നേര്യമംഗലം ആരോഗ്യ കേന്ദ്രം. ദിനംപ്രതി 250 ൽ അധികം പേർ ചികിത്സയ്ക്കായി എത്തുന്ന ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറിയതോടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. 3 ഡോക്ടർമാരുടേയും കൂടുതൽ നഴ്സുമാരുടേയും,ലാബ് ടെക്നീഷ്യൻ അടക്കമുള്ള
പാരാ മെഡിക്കൽ സ്റ്റാഫിന്റേയും സേവനം ഇവിടെ ലഭ്യമാകും. വിപുലമായ ലാബ് സൗകര്യം, ഗർഭിണികൾക്കും, മറ്റ്‌ രോഗികൾക്കും വിശ്രമിക്കുന്നതിന് പ്രത്യേക റെസ്റ്റിങ്ങ് റൂമുകൾ, ശ്വാസ ക്ലീനിക്കുകൾ,ആശ്വാസ ക്ലീനിക്കുകൾ തുടങ്ങിയ സേവനങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി ഇനി ലഭിക്കും. കമ്പ്യൂട്ടറൈസ്ഡ് ആയതോടെ ഓ പി യിലെ തിരക്ക് കുറയ്ക്കുന്നതിനും,ഓ പി യിലെത്തുന്നവർക്ക് വേഗത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതടക്കമുള്ള സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെലിൻ ജോൺ,ബിന്ദു ജയകുമാർ,എം എൻ ശശി,വിൻസൻ ഇല്ലിക്കൽ, പഞ്ചായത്ത് മെമ്പർ അനീഷ് മോഹനൻ,ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ആശിഷ് ബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എച്ച് നാസർ, മെഡിക്കൽ ഓഫീസർ ലൂസീന ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.