കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതിനിര്‍വഹണം മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ നീട്ടിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ ആന്‍ഡ് റീജ്യനല്‍ ഹെഡ് എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഒരു കോടിയോളം വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട സെന്‍സസ് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയും ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും കോവിഡ് നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ഇപ്പോള്‍ സംസ്ഥാനത്ത് സാമ്പത്തിക സെന്‍സസ് നടക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ നീക്കുന്നതനുസരിച്ച് സെന്‍സസ് നടത്തും. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലെ സി.എസ്.സി. ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിനാണ് സാമ്പത്തിക സെന്‍സസ് നടത്തിപ്പിന്റെ ചുമതല.