എറണാകുളം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ‘കരുതൽ കാല’മെന്ന വ്യത്യസ്ത പരിപാടിയുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ദുരന്തങ്ങളുടെ തീക്ഷ്ണത കുറച്ച് എങ്ങനെ ലഘൂരിക്കാം എന്ന അവബോധം ജനങ്ങളിൽ വളർത്തുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, മൂന്നു ദിവസത്തെ പരിശീലന പരിപാടികൾ എന്നിവയും ദിനാചരണത്തോടനുബന്ധിച്ച് നടക്കും. ഒക്ടോബർ 13നാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം.

ഒക്ടോബർ 12 ന് രാവിലെ 10.30ന് ജില്ലാ കളക്ടർ എസ്.സുഹാസ് ‘കരുതൽ കാലം’ ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്യുക. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് ആമുഖ പ്രഭാഷണം നടത്തും. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ.വൃന്ദാദേവി , ഫാ.പോൾ നെടുംപുറം എന്നിവർ പങ്കെടുക്കും.

തുടർന്ന് 11.30 ന് ഓൺലൈൻ പരിശീലന പരിപാടി ആരംഭിക്കും. ദുരന്തനിവാരണ അവലോകനം എന്ന വിഷയത്തിൽ കെ.എസ്.ഡി.എം.എ ഹസാർഡ് ആൻ്റ് റിസ്ക് അനലിസ്റ്റ് ജി.എസ്.പ്രദീപ് ക്ലാസെടുക്കും. 12.15ന് അപകട സാധ്യതയും അപകട സാധ്യത വിലയിരുത്തലും എന്ന വിഷയത്തിൽ എറണാകുളം ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ ക്ലാസുകൾ നയിക്കും. 12 ന് രാവിലെ 11ന് നടക്കുന്ന പരിശീലന പരിപാടിയിൽ ദുരന്ത നിവാരണത്തിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് എന്നതിനെക്കുറിച്ച് സ്ഫിയർ ഇന്ത്യ സ്റ്റേറ്റ് പ്രൊജക്ട് കോഡിനേറ്റർ വിജീഷ് സംസാരിക്കും. തുടർന്ന് ഹസാർഡ് അനലിസ്റ്റ് റോണു മാത്യു കോവിഡിനൊപ്പമുള്ള ജീവിതം എന്നതിനെക്കുറിച്ചും വിവരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന പ്രധാന സംഭവങ്ങൾ 13ന് രാവിലെ 11ന് നടക്കുന്ന പരിശീലന പരിപാടിയിൽ ഫഹദ് മർസൂക്ക് ചർച്ച ചെയ്യും. 11.45ന് ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രയിം വർക്ക് എന്ന വിഷയത്തിൽ ആലപ്പുഴ ഹസാർഡ് അനലിസ്റ്റ് ചിന്തു ചന്ദ്രൻ ക്ലാസ് നയിക്കും.

സ്വയം തയാറാക്കിയ കോവിഡ് ബോധവത്കരണ വീഡിയോ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി
സംഘടിപ്പിച്ചിട്ടുണ്ട്. 6നും 10 നും ഇടക്ക് പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വീഡിയോ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ് . ദുരന്തവും അതിജീവനവും എന്ന വിഷയത്തിലാണ് ചിത്രരചനാ മത്സരം നടക്കുന്നത്. പ്രായപരിധി 11 നും 14 നും ഇടയിൽ. വീഡിയോ, ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 12 ന് രാവിലെ 10 മണിക്ക് മുമ്പായി
drrekm2020@gmail.com എന്ന മെയിലിലോ 7902200300 വാട്സ് ആപ് നമ്പറിലോ രചനകൾ അയക്കാം.
13 ന് ക്വിസ് മത്സരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9400021077, 1077, 0484-2423777 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.