എറണാകുളം : സംസ്ഥാനത്തെ എല്ലാ വീടുകളിലും സുരക്ഷിതമായ കുടിവെള്ളം എത്തിച്ചു നൽകാനുള്ള സർക്കാർ പദ്ധതിയായ ജലജീവൻ മിഷന്റെ ജില്ലാ തല ഉദ്ഘാടനം മുവാറ്റുപുഴ എം. എൽ. എ എൽദോ എബ്രഹാം നിർവഹിച്ചു. കോതമംഗലം എം. എൽ. എ ആന്റണി ജോൺ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ആവോലി പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലളിതമായാണ് ഉത്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

2024ഓടു കൂടി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കുടിവെള്ള കണക്ഷൻ എത്തിച്ചു നൽകുക എന്നതാണ് ആണ് ജൽജീവൻ മിഷന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടമായി ഈ സാമ്പത്തിക വർഷം ജില്ലയിൽ 236.22 കോടി രൂപ മുതൽമുടക്കിൽ 118546 കുടുംബങ്ങളിൽ കുടിവെള്ള കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ജലജീവന്‍ പദ്ധതിയില്‍ പദ്ധതിത്തുകയുടെ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് ചെലവിടേണ്ടത്. സ്വന്തം ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവ പഞ്ചായത്തുകള്‍ക്ക് പദ്ധതിവിഹിതം കണ്ടെത്താനായി വിനിയോഗിക്കാം. എംഎല്‍എ ഫണ്ടും ഈ ആവശ്യത്തിന് ഉപയോഗിക്കാമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പദ്ധതിനിര്‍വഹണത്തിനായി സംസ്ഥാന-ജില്ലാ തലത്തിലും, ഗ്രാമീണ ജല-ശുചിത്വ സമിതികളെ സഹായിക്കാനായി പഞ്ചായത്ത് തലത്തിലും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും (പിഐയു) പ്രവര്‍ത്തിക്കുന്നുണ്ട്.

പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിച്ചു. ജില്ലയിൽ നടന്ന ചടങ്ങിൽ മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ലിസി ജോളി, ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർഡി എൻ. വർഗീസ്, കേരള വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ എം. ശ്രീകുമാർ, സുപ്രണ്ടിങ് എഞ്ചിനീയർ കെ. കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം ജലജീവൻ മിഷൻ പദ്ധതിയുടെ ജില്ലാതല പ്രവർത്തനോദ്ഘാടനം എൽദോ എബ്രഹാം എം എൽ.എ നിർവ്വഹിക്കുന്നു.