ഇരകളാക്കപ്പെടുന്ന കുട്ടികളുടെ അന്തസിനും വ്യക്തിത്വത്തിനും പോറലേല്‍ക്കാതെ സംരക്ഷിക്കുന്ന നിലയിലാകണം മാധ്യമ ഇടപെടലെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും പ്രസ്‌ക്ലബും ചേര്‍ന്ന് കേസരി ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബാലാവകാശ-പോക്‌സോ നിയമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാമറിയാത്ത ലോകം നമുക്കുചുറ്റുമുണ്ടെന്ന ബോധ്യവും കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും കുട്ടികളുടെ അന്തസിനെ ഉയര്‍ത്തിപ്പിടിക്കുന്ന റിപ്പോര്‍ട്ടിങ്ങ് രീതിക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ സംരക്ഷണത്തിന്റെ കണ്ണും കാതുമാണ് മാധ്യമങ്ങളെന്ന് ആമുഖ പ്രഭാഷണം നടത്തിയ ബാലാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുമായി ബന്ധപ്പെട്ട 20 മുതല്‍ 50 ശതമാനം വരെ കേസുകളും ശ്രദ്ധിക്കപ്പെടുന്നത്. കമ്മിഷനടക്കമുള്ള സ്ഥാപനങ്ങള്‍ ഗൗരവമായാണ് മാധ്യമറിപ്പോര്‍ട്ടുകളെ കാണുന്നത്. ഇരകളാക്കപ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്ന ഒരു വിവരവും റിപ്പോര്‍ട്ടിങില്‍ ഉള്‍പ്പെടാതെ നോക്കണമെന്നും പ്രതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങിലൂടെ ഇരയെ തിരിച്ചറിയുന്ന അവസ്ഥ ഉണ്ടാവരുതെന്നും ശോഭ കോശി പറഞ്ഞു.
ഇരകളാക്കപ്പെടുന്നവരുടെ അനുഭവാവസ്ഥ കൂടി പരിഗണിച്ചാവണം മാധ്യമ റിപ്പോര്‍ട്ടിങ്ങെന്നും മനുഷ്യാവകാശത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാണ് ബാലാവകാശ നിയമങ്ങള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തെ ഗൗരവമായി കാണണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു.
മാനവികതയുടെ വെളിച്ചത്തില്‍ റിപ്പോര്‍ട്ടിങ്ങ് നടത്തിയാല്‍ ബാലാവകാശങ്ങള്‍ സംരക്ഷിച്ചുള്ള മാധ്യമപ്രവര്‍ത്തനമാകുമെന്ന് ബാലാവകാശവും മാധ്യമ മനോഭാവവും എന്ന വിഷയം അവതരിപ്പിച്ച ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. മാനവിക മനോഭാവം റിപ്പോര്‍ട്ടര്‍ക്ക് വേണം. ഓര്‍മിക്കപ്പെടാതിരിക്കാനും അവകാശമുണ്ടെന്ന ബോധ്യം വേണം. ചിലത് റിപ്പോര്‍ട്ടു ചെയ്യപ്പെടേണ്ടതു തന്നെ എന്ന ബോധ്യത്തിനൊപ്പം ചില കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതല്ലെന്ന ബോധ്യവും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇരകളാക്കപ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തെപ്പറ്റി സമൂഹം ഗൗരവമായി ചിന്തിക്കുന്നില്ലെന്നും ഇക്കാര്യത്തിലെ സാമൂഹിക ഇടപെടലുകള്‍ ഫലപ്രദമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബാലാവകാശങ്ങളും മാധ്യമറിപ്പോര്‍ട്ടിങ്ങും പുനരധിവാസവും എന്ന വിഷയം അവതരിപ്പിച്ച ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ സി.ജെ. ആന്റണി പറഞ്ഞു.
കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, പത്രപ്രവര്‍ത്തക യുണിയന്‍ ഭാരവാഹികളായ പ്രിന്‍സ് പാങ്ങാടന്‍, റ്റി.ആര്‍. രമ്യ, നൗഷാദ് പെരുമാതുറ, റഷീദ് ആനപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
തിങ്കളാഴ്ച (മാര്‍ച്ച് 19) പ്രാദേശികമാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാല 10.30ന് ആരംഭിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനംഗം അഡ്വ. ശ്രീല മേനോന്‍ ആമുഖ പ്രഭാഷണം നടത്തും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സി. ഗൗരീദാസന്‍ നായര്‍ ബാലാവകാശങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടിങ്ങും നിയമപരമായ വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിക്കും. മഹേഷ് ഗുപ്തന്‍ മോഡറേറ്ററാകും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. സുബൈര്‍ ബാലാവകാശവും റിപ്പോര്‍ട്ടിങ്ങും പുനരധിവാസവും എന്ന വിഷയം അവതരിപ്പിക്കും. കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന സെക്രട്ടറി എസ്. ശ്രീകല മോഡറേറ്ററാകും. പ്രസ് ക്ലബ് ട്രഷറര്‍ ജി. പ്രമോദ്, ജിഷ എലിസബത്ത്, ബി. അഭിജിത്ത്, ഡി.എസ്. രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുക്കും.
സമാപനസമ്മേളന ഉദ്ഘാടനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനംഗം എം.പി. ആന്റണി നിര്‍വഹിക്കും. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനാകും. ബാലാവകാശസംരക്ഷണ കമ്മിഷന്‍ പി.ആര്‍.ഒ. ആര്‍. വേണുഗോപാല്‍, പി.ആര്‍.ഡി. അസിസ്റ്റന്റ് എഡിറ്റര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 10നാണ് രജിസ്‌ട്രേഷന്‍.