തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റിയുടെയും പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിയമസേവന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് (മാർച്ച് 18) രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ പോത്തൻകോട് ഗവൺമെന്റ് യു.പി. സ്‌കൂളിലാണ് ക്യാമ്പ്. സംസ്ഥാന സർക്കാർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ആവിഷ്‌കരിച്ച സൗജന്യ ഇൻഷുറൻസ് പദ്ധതി-ആവാസ് ഇൻഷുറൻസ് കാർഡ് ക്യാമ്പിൽ വിതരണം ചെയ്യും. മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ത്വക്ക്, ദന്തം, നേത്രം, നെഞ്ച്, കാർഡിയോളജി വിഭാഗങ്ങളുടെ വിദഗ്ദ്ധ ഡേക്ടർമാരുടെ സേവനവും മരുന്നു വിതരണവും ഒരുക്കിയിട്ടുണ്ട്. ആധാർ രജിസ്‌ട്രേഷനും ആധാർ കാർഡ് വിതരണത്തിനും അക്ഷയകേന്ദ്രത്തിന്റെ സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്. ദേശസാൽക്കൃത ബാങ്കുകൾ, ബി.എസ്.എൻ.എൽ, മെന്റൽ ഹെൽത്ത് സെന്റർ, എക്‌സൈസ്, പൊലീസ്, നിയമസേവന അതോറിറ്റി, കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി തുടങ്ങിയവയുടെ സ്റ്റാളുകളും പ്രവർത്തിക്കും.
രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന് അഡീഷണൽ ജില്ലാ ജഡ്ജി വി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സിജു ഷേയ്ക്ക്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻനായർ തുടങ്ങിയവർ പങ്കെടുക്കും.