കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി സ്വപ്നമായി കൊണ്ടു നടക്കുന്ന യുവാക്കള്‍ പി.എസ്.സിയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കഴിവും യോഗ്യതയും സംവരണവും അടിസ്ഥാനമാക്കി നിയമനം നടപ്പാക്കുന്ന സമാനമായ സ്ഥാപനം കേരളത്തിലില്ല. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നിയുക്ത ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പി.എസ്.സി പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നിലാണ്. സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 64,982 നിയമന ശുപാര്‍ശകളാണ് പി.എസ്.സി യിലൂടെ സാധ്യമായതെന്ന് മന്ത്രി അറിയിച്ചു. അന്‍പതിനായിരത്തോളം ഒഴിവുകള്‍ പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം നാല്‍പതിനായിരത്തോളം നിയമനങ്ങള്‍ പി.എസ്.സി വഴി നടക്കുന്നുണ്ട്. ആധുനികവല്‍ക്കരണത്തിന്റെ ഫലമായി നിയമന പ്രക്രിയയിലെ കാലതാമസം ഒഴിവാക്കാന്‍ ഒരുപരിധി വരെ പിഎസ്സിക്ക് കഴിയുന്നുണ്ട്. എന്നാല്‍ വര്‍ഷംതോറും ഉണ്ടാകുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധനവും ജോലിഭാരവും ആനുപാതികമായി ഉദ്യോഗസ്ഥരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പി.എസ്.സിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ 120 പുതിയ തസ്തികകള്‍ പിഎസ്സിക്ക് അനുവദിച്ചിട്ടുണ്ട്. പൊതു കമ്പനികള്‍ , ബോര്‍ഡുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ ആയിരത്തോളം തസ്തികകളില്‍ പി.എസ്.സി നിയമനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി മാത്രം നടത്തിയ പ്രത്യേക നിയമനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും പി.എസ്.സി വഴി സാധിച്ചു. പരമാവധി വേഗത്തില്‍ നിയുക്ത പി.എസ്.സി ഓഫീസിന്റെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രി പി.ഡബ്ള്‍യൂ. അധികൃതരോട് ആവശ്യപ്പെട്ടു. പരിപാടിയില്‍ കേരള പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെശാന്തകുമാരി, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ വി.രഞ്ജിത്ത്, കമിഷനംഗങ്ങളായ പി.ശിവദാസന്‍, സിമ്മി റോസ്ബെല്‍ ജോണ്‍, അഡ്വ.എം.കെ രഘുനാഥന്‍, ടി.ആര്‍ അനില്‍കുമാര്‍, മുഹമ്മദ് മുസ്തഫ കടമ്പോട്, പി.എച്ച് ഇസ്മയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്തിന് സമീപം 25 സെന്റ് സ്ഥലത്ത് 17,860 സക്വയര്‍ഫിറ്റ് വിസ്തൃതിയില്‍ നാല് നിലകളിലാണ് ജില്ലാ ഓഫീസ് നിര്‍മിക്കുക. ഒരേ സമയം 300 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി പരീക്ഷ എഴുതാനുളള ഓണ്‍ലൈന്‍ സെന്റര്‍ പുതിയ കെട്ടിടത്തിലുണ്ടാകും രണ്ട് ഇന്റര്‍വ്യൂ ഹാള്‍ ,വെരിഫിക്കേഷന്‍ ഹാള്‍, 10 സെക്ഷനുകള്‍ , ഭിന്നശേഷി വിഭാഗക്കാര്‍ക്കായി റാംപ്, ലിഫ്റ്റ് സൗകര്യങ്ങള്‍ എന്നിവ നിയുക്ത ജില്ലാ പി.എസ്.സി ഓഫീസിലുണ്ടാകും. മൊത്തം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുഭരണ വകുപ്പ് ആറര കോടിയാണ് അനുവദിച്ചിരിക്കുന്നത്. മൂപ്പന്‍സ് ആസ്‌ടെക് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല. 2019 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ സിവില്‍ സ്റ്റേഷനിലാണ് ജില്ലാ പി.എസ്.സി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോട്ടയം ജില്ലയ്ക്ക് മാത്രമാണ് സ്വന്തമായി പി.എസ്.സിക്ക് ജില്ലാ ഓഫീസുളളത്.