പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി, അഴിമതി ഇല്ലാതാക്കി യുവജനങ്ങള്‍ക്കും നവമാധ്യമങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് ജനകീയ ആസൂത്രണത്തിന്റെ രണ്ടാംഘട്ടമായി പരിഗണിച്ചു കൊണ്ടാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ലെ ജനകീയാസൂത്രണം പദ്ധതിയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി..
നടപടിക്രമങ്ങള്‍ ലളിതമാക്കുക, ഉദ്യോഗസ്ഥമേധാവിത്വം അവസാനിപ്പിക്കുക, ജനപങ്കാളിത്തം എണ്ണത്തിലും ഗുണത്തിലും ഉയര്‍ത്തുക, പ്രൊജക്ടുകളുടെ വിജ്ഞാന ഉള്ളടക്കം ഉയര്‍ത്തുക, ജില്ലാപദ്ധതി തയ്യാറാക്കുക നഗരവത്കരണത്തിന്റെ പ്രശ്നങ്ങള്‍ ഗൗരവത്തിലെടുക്കുക, ഉത്പാദനമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുക തുടങ്ങിയ വസ്തുതകളും പദ്ധതി ആസൂത്രണത്തില്‍ ഉള്‍ക്കൊള്ളിക്കണം. മുന്‍കാലങ്ങളില്‍ ജനകീയാസൂത്രണം നടപ്പാക്കിയതില്‍ ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട്, വീഴ്ചകളുമുണ്ട്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2018-19 ലെ പദ്ധതി നിര്‍വ്വഹണം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ആരംഭിക്കാന്‍ കഴിയുന്ന മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ ജില്ലയിലും 18,000 ത്തോളം പദ്ധതികളാണ് പ്രാദേശിക സര്‍ക്കാരുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍, എംപി, എംഎല്‍എ ഫണ്ടുകള്‍, മറ്റ് ഏജന്‍സികളുടെ സഹായങ്ങള്‍ ഇവയെല്ലാം ഏകീകരിക്കുന്നതാകണം ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കുന്ന ജില്ലാതല പദ്ധതികള്‍. ജില്ലയില്‍ തയ്യാറാക്കുന്ന സംയുക്ത പദ്ധതികളില്‍ ഉയര്‍ന്ന നിലവാരം ഉള്ളവയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ 40 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു..
രാജ്യത്ത് ആദ്യമാണ് ഇത്തരത്തില്‍ ജില്ലാതലത്തില്‍ സമഗ്രവികസനത്തിന് വ്യത്യസ്ത കാഴ്ചപ്പാടും രൂപരേഖയും പദ്ധതികളും തയ്യാറാക്കുന്നത്. നമ്മുടെ വികസന പ്രക്രിയയില്‍ ജനകീയാസൂത്രണത്തിന്റ പുതിയ ഘട്ടം ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നതാണ്.
സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസന പദ്ധതികളില്‍ നല്ലൊരു ശതമാനം ചിലവഴിക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ്. ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും അഗതികളുടെ പരിരക്ഷയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കലുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ പ്രധാനമായും വരേണ്ടത്. ഏറ്റവും ദുര്‍ബ്ബലരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ പ്രത്യേക പാക്കേജ് തയ്യാറാക്കി പ്രത്യേക അനുമതിയോടെ നടപ്പാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. കെ.ഡി പ്രസേനന്‍ എം.എല്‍.എ മുഖ്യാതിഥിയായി. സര്‍ക്കാറിന്റെ നവകേരളമിഷന്‍ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുളളതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസനസെമിനാര്‍. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന രേഖയുടെ പ്രകാശനവും ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 15 ഉപഭോക്താക്കള്‍ക്കുളള താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെ. അനീഷ് ആലയ്ക്കാപ്പളളി, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.ബി അപ്പുണ്ണി നായര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.