എറണാകുളം: സമൂഹത്തെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിസ്തുലമാണെന്ന് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ അഭിപ്രായപ്പെട്ടു. കുടുംബശ്രീ എറണാകുളം ജില്ല ജെൻഡർ റിസോഴ്സ് സെന്റെറിന്റെ വാരാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സാമൂഹ്യ മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ ഏറ്റെടുക്കുന്നതിലും നടപ്പാക്കുന്നതിലും ജില്ലയിൽ കുടുംബശ്രീ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് കെ. ആർ. രാഗേഷ് അസി.മിഷൻ കോർഡിനേറ്റർ റജീന ഹാഷിം, കെ.വിജയം എന്നിവരും ഷൈൻ.ടി.മണി, സുചിത്ര, രമ്യ ,അജിത് തുടങ്ങിയ ജില്ലാ മിഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.
കുടുംബശ്രീ ജെൻഡർ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള കേന്ദ്രങ്ങളാണ് ജെൻഡർ റിസോഴ്സ് സെന്ററുകൾ. ജില്ലാതല ജെൻഡർ റിസോഴ്സ് സെന്ററായ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ മേൽനോട്ടത്തിലാണ് പ്രാദേശിക റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ 92 കേന്ദ്രങ്ങളാണ് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. ഈ മാസം
17 വരെ നീളുന്ന വിവിധ ദിവസങ്ങളിൽ മാനസികാരോഗ്യദിനം, ബാലികാ ദിനം, ദുരന്ത സാധ്യത ലഘൂകരണ ദിനം, ഗ്രാമീണ വനിതാ ദിനം, ഭക്ഷ്യ ദിനം, ദാരിദ്ര്യ നിർമാർജന ദിനം തുടങ്ങിയ ദിനാചരണങ്ങൾ കോർത്തിണക്കിയാണ് ജെൻഡർ റിസോഴ്സ് സെൻറർ വാരാഘോഷം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ എല്ലാ പദ്ധതികളും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ബൃഹത്തായ ഈ പരിപാടി കഴിഞ്ഞ വർഷം സാമൂഹ്യമേള എന്ന പേരിലാണ് സംഘടിപ്പിച്ചത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സാമൂഹ്യ (അകലമുള്ള) മേള യാണ് സംഘടിപ്പിക്കുന്നത്. പൂർണ്ണമായും ഓൺലൈൻ സാങ്കേതിക മികവിൽ ഒരുങ്ങുന്ന മേളയ്ക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒട്ടും തനിമ ചോരാതെയുള്ള മുന്നൊരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.

ദിനാചരണങ്ങളുടെ ഭാഗമായുള്ള വെബിനാറുകൾ, ഓൺലൈൻ ഷോപ്പിംഗ്, ലൈവ് കുക്കറി ഷോകൾ, കുടുംബശ്രീ പദ്ധതികളെ അറിയാം വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, സെൽഫി മത്സരങ്ങൾ, ഫാൻസി ഡ്രസ് മത്സരങ്ങൾ, കലാസന്ധ്യകൾ തുടങ്ങി നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 10 മുതൽ 17 വരെയാണ് സാമൂഹ്യ മേള നടത്തുന്നത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിമുക്തി മിഷനുമായി സംയോജിച്ച് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജാഗ്രത യുടെ ജില്ലാതല ഉദ്ഘാടനവും നടക്കുന്നുണ്ട്. വാട്ട്സ് ആപ്പ് , ഗൂഗിൾ ഫോം, ഗൂഗിൾ മീറ്റ്, ഫേസ്ബുക്ക്, യൂറ്റൂബ് തുടങ്ങിയ സങ്കേതങ്ങളാണ് ഓൺ ലൈൻ മേളയ്ക്ക് പ്രയോജനപ്പെടുത്തുന്നത്. ഡിജിറ്റൽ ലിറ്ററസി പരിപാടിയുടെ ഭാഗമായി മേൽ സങ്കേതങ്ങളുടെ പരിശീലനം അയൽക്കൂട്ട അംഗങ്ങൾക്ക് നൽകി വരികയാണ്.

അയൽക്കൂട്ട അംഗങ്ങൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ – ഓർഡിനേറ്റർ അറിയിച്ചു.