*പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ : കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ ഒന്നിനൊന്ന് മെച്ചമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ. പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണ്. വകുപ്പിനെ കൂടുതല്‍ ആധുനികവൽക്കരിക്കുന്നതിനോടൊപ്പം പുതിയ കാലം പുതിയ സേവനം എന്ന ആശയവുമായി ജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. നിരവധി നൂതന സംവിധാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളുകളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം എന്ന ദീർഘകാല അഭിലാഷം സാധ്യമാവുകയാണ്. അന്തരിച്ച മുൻ എം. എൽ. എ തോമസ് ചാണ്ടി പുതിയ കെട്ടിടത്തിനായി ഏറെ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് ഓഫീസിനെ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷിക്കാൻ കഠിന പ്രായത്നം നടത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിന് സമീപം നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ശിലാഫലക അനാച്ഛാദനം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു പഞ്ഞിമരം, ദക്ഷിണ – മധ്യമേഖല രജിസ്ട്രേഷൻ ഡിഐജി ആർ. മധു, രജിസ്ട്രേഷൻ ജോയിൻ ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ശാരി തുടങ്ങിയവർ പങ്കെടുത്തു.