പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ക്ഷീര വികസന വകുപ്പ് മുഖേന ആലത്തൂര്‍ ബ്ലോക്കിലെ കല്ലിങ്കല്‍പ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ടര ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷി കൊയ്തെടുത്തു.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ക്ഷീര സംഘം നെല്‍കൃഷി ചെയ്തത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പ് ധനസഹായവും സംഘത്തിന് നല്‍കും. വിളവെടുത്ത നെല്ല് സര്‍ക്കാര്‍ സംഭരിക്കുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് സംഘം മുഖേന വില്‍പ്പന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാം വിളയായി ‘ഉമ’ ഇനത്തില്‍പ്പെട്ട നെല്ലിനമാണ് കൃഷി ഇറക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്കുള്ള മക്കച്ചോളപ്പുല്ല് ആയതിനുശേഷം കൃഷി ചെയ്യുന്നതാണ്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രമീള അധ്യക്ഷയായി. ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായ ജെ.എസ്. ജയസുജീഷ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ പ്രസാദ് മാത്യു, അസിസ്റ്റന്റ് ഡയറക്ടര്‍ ലാലിയമ്മ, ക്ഷീര വികസന ഓഫീസര്‍ സി.സി.ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. സംഘം പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍, സെക്രട്ടറി പി.പി.തോമസ് സംസാരിച്ചു.