ആലപ്പുഴ: 671.66 കോടി രൂപ ചെലവുവരുന്ന എ.സി.റോഡ് പുനരുദ്ധാരണം വരുമ്പോള്‍ വീതി കുറഞ്ഞ വലിയ പാലങ്ങളായ നെടുമുടി, കിടങ്ങറ, പള്ളാത്തുരുത്തി പാലങ്ങള്‍ക്ക് ഇരുവശവും 115 കോടി രൂപ ചെലവഴിച്ച് ആറ് കോണ്‍ക്രീറ്റ് നടപ്പാതകള്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. പാലത്തിന് അനുവദിച്ച തുകയില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എ സി കനാലിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ നിലവിലുള്ള മുട്ടാര്‍ ബോക്സ് കലുങ്ക് പൊളിച്ചുമാറ്റി പകരം കനാലിന് കുറുകെ35 മീററര്‍ നീളത്തിലുള്ള സ്പാന്‍ ഉള്‍പ്പെടുന്ന പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നടപ്പാതയുടെ അടിയില്‍ ഓടയും ഒരു വശത്ത് ഡക്റ്റും നല്‍കിയിട്ടുണ്ട്. വളരെ പഠിച്ച ശേഷമാണ് നിര്‍മാണത്തിന് ഡിസൈന്‍ തയ്യാറാക്കിയത്. നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള കമ്പിയും സിമന്റും വിഴുങ്ങിയവരില്‍ ചിലര്‍ ഇപ്പോള്‍ ഡിസൈനിലും മറ്റും നിര്‍ദ്ദേശങ്ങളുടമായി വരുന്നുണ്ടെന്നും അഴിമതിക്കാര്‍ക്കുവേണ്ടി എന്തു വേഷവും കെട്ടാന്‍ തയ്യാറുള്ളവര്‍ കേരളത്തില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ശുദ്ധമായ നിര്‍മാണ രീതികളെ തട്ടിപ്പ് നടത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കഠിന ശിക്ഷ നല്‍കാനുള്ള നിയമങ്ങള്‍ നാട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ 25 പാലങ്ങളാണ് ഈ സര്‍ക്കാര്‍ നിര്‍മിക്കുന്നത്. അതില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. 454 കോടി രൂപ ചെലവഴിച്ചുള്ള പാലം നിര്‍മാണങ്ങളാണ് കുട്ടനാട്ടില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 1 മുതല്‍ ഈ ഒക്ടോബര്‍ 12 വരെ 374 പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ചെയ്ത് വരുന്നത്. 5672 കോടി രൂപയാണ് ഇത്തരത്തില്‍ ചെലവഴിക്കുന്നതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ്ചാണ്ടിയെയും ചങ്ങനാശ്ശേരി എം.എല്‍.എയായിരുന്ന സി.എഫ്.തോമസിനെയും യോഗത്തില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി.സുധാകരന്‍ ശിലാഫലകം അനാച്ഛാദനവും വിളക്കുകൊളുത്തലും ചടങ്ങില്‍ നിര്‍വഹിച്ചു.