കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ശോഭനം 2020 എന്ന പേരില്‍ നടപ്പാക്കുന്ന വികസന പരിപാടികളുടെ ഭാഗമായി ജില്ലയിലെ രണ്ട് മൃഗാശുപത്രികള്‍ ഒക്ടോബര്‍16 മുതല്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന വിളക്കണയാത്ത ആശുപത്രികളാകും.
കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിലും വൈക്കം മൃഗാശുപത്രിയിലുമാണ് ഇനി രാത്രിയും പകലും മൃഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക. ഇവയുള്‍പ്പെടെ സംസ്ഥാനത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാകുന്ന മൃഗാശുപത്രികളുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍16) വൈകുന്നേരം അഞ്ചിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.
വൈക്കം മൃഗാശുപത്രിയില്‍ സി.കെ.ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും.നഗരസഭാ ചെയര്‍മാന്‍ ബിജു.വി. കണ്ണേഴത്ത് അധ്യക്ഷത വഹിക്കും. കാഞ്ഞിപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കും.