പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാർബൺ ന്യൂട്രൽ പ്രദേശമാക്കി മാറ്റണം: മുഖ്യമന്ത്രി
പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാർബൺ ന്യൂട്രൽ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ ആയിരം പച്ചത്തുരുത്തുകൾ യാഥാർത്ഥ്യമായതിന്റെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പച്ചത്തുരുത്തുകൾ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവിൽ 454 ഏക്കർ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്.
പച്ചത്തുരുത്തുകൾ കേരളത്തിൽ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വർഷവും ഈ മാതൃകയിൽ കൂടുതൽ പച്ചത്തുരുത്തകൾ സൃഷ്ടിക്കാനാവണം. തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചാൽ അത് സാധ്യമാകും. ഇനിയും ഒരു ആയിരം പച്ചത്തുരുത്തുകൾ സ്ഥാപിക്കണം. ഇതിനായി പൊതുസ്ഥലങ്ങളില്ലെങ്കിൽ താത്പര്യമുള്ള വ്യക്തികളുടെ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിക്കാൻ പ്രോത്‌സാഹിപ്പിക്കണം.
പച്ചത്തുരുത്ത് പദ്ധതിയിലൂടെ പ്രകൃതിയെ പരിപാലിച്ചു വളർത്തണമെന്ന ബോധം സൃഷ്ടിക്കാനായി. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകൾ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തൻകോട് വേങ്ങോടിൽ പാലോട് ബൊട്ടാണിക്കൽ ഗാർഡന്റെ സഹായത്തോടെ അപൂർവ ഔഷധസസ്യങ്ങൾ അടങ്ങിയ പച്ചത്തുരുത്താണ് സൃഷ്ടിച്ചത്. ചിലയിടങ്ങളിൽ മുളകൾ മാത്രമുള്ളതും കായൽ, കടലോരങ്ങളിൽ കണ്ടൽചെടിയും അനുബന്ധ വൃക്ഷങ്ങളും അടങ്ങിയ പച്ചത്തുരുത്തും സൃഷ്ടിച്ചു.
കാവുകളെ വിപുലീകരിച്ച് പച്ചത്തുരുത്തുകൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ ആവാസവ്യവസ്ഥയിൽ കണ്ടാലറിയാവുന്ന മാറ്റം സൃഷ്ടിക്കാനായി. കുമരകത്തെ കണ്ടൽചെടികളുടെ പച്ചത്തുരുത്ത് മത്‌സ്യസമ്പത്തിന് ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ട്. വൃക്ഷത്തൈകൾ നട്ടതിനു ശേഷം മൂന്നു വർഷം അതിന്റെ പരിപാലനവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
1261ാ മതായി പൂർത്തിയാക്കിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തിൽ സി. ദിവാകരൻ എം.എൽ.എ വൃക്ഷത്തൈ നട്ടു.
ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.