കോട്ടയം: ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ അതിജീവനത്തിന്‍റെ 1000 പച്ചത്തുരുത്തുകള്‍ എന്ന പുസ്തകത്തിന്‍റെ ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. പച്ചത്തുരുത്തിലെ പ്രദേശിക ജൈവവൈവിധ്യം, കാവുകളുടെ സംരക്ഷണം, കണ്ടല്‍ക്കാടുകള്‍, വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമാക്കുന്നതാണ് പുസ്തകം. കോട്ടയം ജില്ലയിലെ 129 പച്ചത്തുരുത്തുകളുടെ വിവരങ്ങളും ഇതിലുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.എസ്.ഷിനോ പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, സെക്രട്ടറി സിജു തോമസ്, ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.രമേഷ്, റിസോഴ്സ് പേഴ്സണ്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.