ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി ഒക്ടോബര്‍ 13 വരെ 152 ലോഡ് (ഒരു ലോഡ് ഏകദേശം പതിനായിരം കി.ലോ) നെല്ലുസംഭരിച്ചു കഴിഞ്ഞതായി അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ) എല്‍.ആര്‍ മുരളി അറിയിച്ചു. ഏകദേശം 1, 25000 മെട്രിക് ടണ്‍ നെല്ലാണ് ഇപ്രാവശ്യം പ്രതീക്ഷിക്കുന്നത്. 30 ശതമാനത്തോളം കൃഷിയിടങ്ങളിലാണ് കൊയ്ത്ത് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആലത്തൂര്‍, കൊല്ലങ്കോട് മേഖലകളില്‍ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്.  ജില്ലയിലെ പാഡികോ, കോട്ടയത്തെ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് എന്നീ സര്‍ക്കാര്‍ മില്ലുകളും കരാര്‍ ഒപ്പിട്ട  മൂന്ന് സ്വകാര്യ മില്ലുകളുമാണ്  നിലവില്‍ നെല്ല് ഏറ്റെടുക്കുന്നത്. കൊയ്ത്ത് യന്ത്രങ്ങളുടെയും മറ്റ് കാര്‍ഷികോപകരണങ്ങളുടെയും കുറവ് ജില്ലയില്‍ ഒരു ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നെല്ലുസംഭരണം യഥാസമയം നടക്കുന്നുണ്ടെന്നും അപ്രതീക്ഷിതമായി പെയ്ത മഴ ഇതില്‍ നേരിയ കാലതാമസം ഉണ്ടാക്കിയതായും എ.ഡി.എ (മാര്‍ക്കറ്റിംഗ് ) അറിയിച്ചു.

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ഷകര്‍ നേരിട്ട് അക്ഷയ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡുകള്‍ അടിസ്ഥാനമാക്കി കൃഷിഭവന്‍ വഴിയാണ് സപ്ലൈകോയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഈ ലിസ്റ്റ് പ്രകാരമാണ് കര്‍ഷകര്‍ക്ക് മില്ലുകള്‍ അനുവദിക്കുന്നതെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ കൃഷ്ണകുമാരി അറിയിച്ചു. ജില്ലയിലെ സഹകരണ സംഘങ്ങള്‍ നെല്ല് സംഭരണത്തിനും ഏറ്റെടുത്ത നെല്ല് അരിയാക്കി മാറ്റുന്നതിനുമുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ഈ ആഴ്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്നും  പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ വ്യക്തമാക്കി.