ആലപ്പുഴ: സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിത കേരള മിഷന്‍ സ്വന്തമാക്കിയ ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയിലെ പച്ചപ്പ് വീണ്ടെടുക്കാനായി പ്രവര്‍ത്തിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അതുമായി ബന്ധപ്പെട്ടുള്ളവരുടെയും ശ്രമങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഒരു വര്‍ഷം കൊണ്ട് ആയിരം പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തോടെ 2019ല്‍ ഹരിത കേരള മിഷന്‍ ആരംഭിച്ച പദ്ധതി മഹാപ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധിക്കിടയിലും വിജയിക്കാനായത് ജന പങ്കാളിത്തത്തിന്റെ കരുത്താണ്. ജില്ലയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ചെങ്ങന്നൂര്‍ നഗരസഭ, 31 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പ്രാദേശികമായി പ്രഖ്യാപനം നടത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 454 ഏക്കര്‍ സ്ഥലത്താണ് ഒരുവര്‍ഷത്തിനിടെ പച്ചത്തുരുത്ത് സ്ഥാപിച്ചത്. തൈകള്‍ നട്ടതിന് പുറമേ അത് പരിപാലിച്ച് സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രാദേശിക സംരക്ഷണ സമിതികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയെല്ലാം സഹകരണവും കൂട്ടായ്മയും പദ്ധതിയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിയെ പരിപാലിച്ചു വളര്‍ത്തണമെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതി കാരണമായി. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈകള്‍ തിരഞ്ഞെടുത്താണ് പച്ചത്തുരുത്തിന് രൂപം കൊടുത്തത്. പച്ചത്തുരുത്തിനായി പൊതുസ്ഥലം ഇല്ലെങ്കില്‍ സന്നദ്ധരായ വ്യക്തികളെ അതിനായി പ്രോത്സാഹിപ്പിക്കണം. ഇത് വരും തലമുറയ്ക്ക് നല്‍കാനാവുന്ന മഹത്തായ സംഭാവനയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ നിലവില്‍ 32 തദ്ദേശ സ്ഥാപനങ്ങളിലെ 10.8 ഏക്കര്‍ സ്ഥലത്തായി 50 പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അനുമോദന പത്രം സ്ഥാപന അധ്യക്ഷന്മാര്‍ വിഷിഷ്ട വ്യക്തികളില്‍ നിന്നും ഏറ്റുവാങ്ങി.