എറണാകുളം : പറവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള അഞ്ചു സെന്റ് ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് നിലകൾ ഉള്ള കെട്ടിടം പറവൂർ മരട്ടിപ്പറമ്പിൽ ദാക്ഷായണിയുടെ ഒരായുസ് നീണ്ട പ്രതീക്ഷകളുടെ സാക്ഷത്കരമാണ്. സംസ്ഥാനത്തു തന്നെ ആദ്യമായി പറവൂർ നഗരസഭയിലാണ് ഒരേ കുടുംബത്തിലെ ആറു പേർക്ക് സർക്കാർ ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ചു ലഭിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന് സമീപം ദാക്ഷായണിക്ക് കുടിക്കിടപ്പായി ലഭിച്ച സ്ഥലത്താണ് പാർപ്പിട സമുച്ചയം നിർമിച്ചിട്ടുള്ളത്. പാർപ്പിട സമുച്ചയത്തിന്റെ ഉത്‌ഘാടനം ഒക്ടോബർ 23 ന് രാവിലെ 11 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്‌തീൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും.

ദാക്ഷായണിയുടെ ഏഴു മക്കളിൽ ആറു പേരും ഭവന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ദാക്ഷായണിയുടെ മക്കളായ ശശി, രാജേഷ്, കണ്ണൻ,സെൽവൻ, പ്രേം കുമാർ, വിജയ എന്നിവർക്കാണ് വീട് അനുവദിച്ചത്. 2019 ഇൽ ഓരോ കുടുംബത്തിനും 425000 അനുവദിച്ചു. ഭൂമി പരിമിതി മറികടക്കാനായാണ് ഭവന സമുച്ചയം എന്ന ആശയം മുന്നോട്ട് വരുന്നത്. സാധാരണ നിലയിൽ ഘട്ടം ഘട്ടമായാണ് ഗുണഭോക്താക്കൾക്ക് പണം അനുവദിക്കുന്നതെങ്കിലും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോറിന്റെ പ്രത്യേക ശ്രമഫലമായി തുക അനുവദിച്ചു നൽകി.സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു 450 ചതുരശ്ര അടി വിസ്തീര്ണമുള്ള വീടുകൾ ആണ് ഓരോ കുടുംബത്തിനും നിർമ്മിക്കുന്നത്. രണ്ട് മുറി, അടുക്കള, ഹാൾ, ബാത്റൂം എന്നിവ ഓരോ വീടിനുമുണ്ട്. 25 ലക്ഷം രൂപയാണ് ആകെ നിർമാണ ചെലവ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒൻപതു ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷം രൂപയും നഗരസഭയുടെ 12 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒന്നേ കാൽ ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.