കോഴിക്കോട്: ജില്ലയിൽ അതിജീവനത്തിന്റെ 117 പച്ചത്തുരുത്തുകൾ പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി മുഖേന ജില്ലയിൽ വെച്ചുപിടിപ്പിച്ചത് 117പച്ചത്തുരുത്തുകൾ. ജില്ലയിൽ 68 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 32 ഏക്കർ സ്ഥലത്താണ് ഇവ വെച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പച്ചത്തുരുത്ത് നിർമ്മാണം വിജയകരമായി പൂർത്തീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അഭിനന്ദന പത്രം നൽകി.

കോഴിക്കോട് കോർപ്പറേഷനിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ പരിധിയിൽ നിർമ്മിച്ച നാല് പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. കോർപ്പറേഷനുള്ള ഹരിതകേരളം മിഷൻ്റെ അഭിനന്ദനപത്രം വി.കെ.സി മമ്മദ്കോയ എം.എൽ.എ സമ്മാനിച്ചു. പച്ചത്തുരുത്തുകളുടെ റിപ്പോർട്ട് മേയർക്കും എംഎൽഎക്കും ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ്, സോഷ്യൽ ഫോറസ്ട്രി അസി.കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജോഷിൽ എം എന്നിവർ ചേർന്ന് കൈമാറി.

പച്ചത്തുരുത്തുകൾ സ്ഥാപിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അനുമോദന പത്രം പി.ടി.എ റഹീം എം.എൽ.എയിൽ നിന്ന് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മൂന്ന് പച്ചത്തുരുത്തുകളാണ് ചാത്തമംഗലം പഞ്ചായത്തിലുള്ളത്. ചേന്നോത്ത്, കോടോൽ താഴം, കെ.എം.സി.ടി പോളിടെക്നിക് എന്നിവിടങ്ങളിലാണവ.

പച്ചത്തുരുത്ത് ഉണ്ടാക്കുകയും മാതൃകപരമായി പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത രാമനാട്ടുകര നഗരസഭക്കുള്ള അനുമോദന പത്രം വി.കെ.സി മമ്മത് കോയ എം എൽ എ യിൽ നിന്നും നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

മൂടാടി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ കെ.ദാസൻ എംഎൽഎ, രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ വി.കെ.സി മമ്മദ്കോയ എംഎൽഎ, ഒളവണ്ണ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ ഹരിതകേരളം മിഷൻ്റെ അഭിനന്ദനപത്രം കൈമാറി.

ചേളന്നൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അഹമ്മദ് ജാ, കക്കോടി പഞ്ചായത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് എന്നിവര്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഹരിതകേരളം മിഷന്റെ അഭിനന്ദനപത്രം കൈമാറി.
നൊച്ചാട് നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍ പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് അഭിനന്ദനപത്രം കൈമാറി.
അത്തോളി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പച്ചത്തുരുത്ത് പൂര്‍ത്തീകരണ പ്രഖ്യാപനം പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭയിൽനിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽഏറ്റുവാങ്ങി.

ജില്ലയിൽ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ, ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.