എറണാകുളം: ഹരിത കേരള മിഷൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളിലായി സൃഷ്ടിച്ച അതിജീവനത്തിൻ്റെ പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചതിനുള്ള അനുമോദന പുരസ്കാരം പറവൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ ട്രീസ ജോസിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പള്ളി പുരസ്കാരം ഏറ്റുവാങ്ങി.
പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് പ്രസിഡൻ്റ് അനുമോദന ഫലകം നൽകി. ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളാണ് ജില്ലയിൽ മുന്നിലെത്തിയത്.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. ചേന്ദമംഗലം ഗവ. എൽ.പി സ്കൂൾ, വടക്കുംപുറം ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ചേന്ദമംഗലം പഞ്ചായത്തിൽ തയ്യാറാക്കിയത്. ഏഴിക്കര പഞ്ചായത്തിൽ ഗവ. എൽ.പി സ്കൂൾ, നന്ത്യാട്ടുകുന്നം എൽ.പി സ്കൂൾ എന്നിവിടങ്ങളിലും വടക്കേക്കര പഞ്ചായത്തിൽ വാവക്കാട് എൽ.പി സ്കൂളിലും പച്ചത്തുരുത്തുകൾ ഒരുക്കി.കോട്ടുവള്ളി പഞ്ചായത്തിൽ കൈതാരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, വള്ളുവള്ളി യു.പി സ്കൂൾ, തത്തപ്പള്ളി പാലം എന്നീ സ്ഥലങ്ങളിലും മരങ്ങൾ നട്ട് പച്ചത്തുരുത്തുകൾ തയ്യാറാക്കി.