കോട്ടയം : ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ ആയിരം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ആവാസ വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പച്ചത്തുരുത്തുകള്‍ക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

പച്ചത്തുരുത്തുകള്‍ നട്ടു പരിപാലിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കുമുള്ള ഹരിത കേരള മിഷന്റെ അനുമോദനപത്രം തദ്ദേശസ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. കോട്ടയം നഗരസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി.ആര്‍. സോനയ്ക്ക് അനുമോദന പത്രം നല്‍കി.

കുമരകം, കുറിച്ചി ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അനുമോദനപത്രം കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന സമ്മാനിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, പാമ്പാടി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. സണ്ണി പാമ്പാടി, കടനാട് ഗ്രാമപഞ്ചായത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാത്തോട്ടം, പള്ളം ബ്ലോക്ക് പഞ്ചായത്തിലും എലിക്കുളം ഗ്രാമപഞ്ചായത്തിലും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി. എസ്. ഷിനോ, പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ് എന്നിവര്‍ അനുമോദന പത്രം കൈമാറി.