ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ സ്ത്രീ സൗഹൃദ-ശിശുക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം. ആകെ വരവ് 252.19 കോടി രൂപയും ആകെ ചെലവ് 232.72 കോടി രൂപയും നീക്കിയിരുപ്പ് 19.46 കോടി രൂപയും ഉളള മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. സ്ത്രീ സൗഹൃദ പദ്ധതികളുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്തിൽ ജെൻഡർ പാർക്കിന് 80 ലക്ഷം രൂപ വകയിരുത്തി. ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുളള പ്രവർത്തനങ്ങൾക്കായി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശിശുസൗഹൃദ ടോയ്ലെറ്റ് സഹിതം അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കും. അങ്കണവാടികൾക്ക് പോഷകാഹാര പദ്ധതിക്കായി 25,00,000 രൂപ വകയിരുത്തി. സ്‌കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് പദ്ധതി എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. തുടർ പ്രവർത്തനങ്ങൾക്കായി 1,54,00,000 രൂപ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. വയോജനങ്ങൾക്കുള്ള മന്ദഹാസം പദ്ധതിക്കായി 25,00,000 രൂപയും കേൾവി ശക്തി കുറഞ്ഞ കുട്ടികൾക്ക് കോക്ളിയർ ഇംപ്ലാന്റേഷന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. എച്ച്.ഐ.വി.ബാധിതർക്ക് പോഷകാഹാരവിതരണത്തിനായി 20 ലക്ഷം രൂപ, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പിനായി ഒരു കോടി രൂപ എന്നിവ ബജറ്റിലെ സുപ്രധാന വകയിരുത്തലുകളാണ്. ഭിന്നലിംഗക്കാർക്ക് തൊഴിൽ സംരഭം-കാന്റീൻ ഇവയ്ക്കായി 20 ലക്ഷം രൂപ ബജറ്റിൽ നീക്കി വച്ചു. കുടുംബശ്രീ-വനിത കിയോസ്‌ക് പദ്ധതിക്കായി 33,00,000 രൂപയും ആശ്രയ പദ്ധതിക്ക് 25,00,000 രൂപയും നീക്കി വച്ചിട്ടുണ്ട്. കുട്ടികളിലൂടെ ജൈവ കൃഷി പ്രോത്സാഹനത്തിന് ഹരിതകേരള ഓണം പദ്ധതി നടപ്പാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖല ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഇന്നവേറ്റീവ് സ്റ്റെം എഡ്യൂക്കേഷൻ പദ്ധതിക്കായും 50,00,000 രൂപ വകയിരുത്തി.10-ാം ക്ലാസ് വിദ്യാർത്ഥികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി അധികപഠനത്തിന് ഒരു കോടി രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് നൽകുവാൻ 25 ലക്ഷവും ബജറ്റിലുണ്ട്. സാക്ഷരതാമിഷൻ നടത്തുന്ന 10-ാം ക്ലാസ് തുല്യതാ പരിപാടിക്ക് 20 ലക്ഷം രൂപയും വകയിരുത്തി.
സർക്കാരിന്റെ പ്രധാന മിഷനുകളിൽð ഒന്നായ ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഈ വർഷത്തെ ബഡ്ജറ്റിൽð 10 കോടി 65 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. കാർഷിക മേഖലയിൽ ഹരിതകേരളം മിഷന്റെ ഭാഗമായി തരിശുനില കൃഷിക്ക് മുൻവർഷത്തെ പോലെ പ്രാമുഖ്യം നൽകും. തുടർ പ്രവർത്തനമെന്ന നിലയിൽ വെർട്ടിക്കൽ ആക്സയിൽ ഫ്ളോ പമ്പുകൾ ഈ വർഷവും സ്ഥാപിക്കും. ബജറ്റിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തിലൂടെ മീനച്ചിലാറും കൊടൂരാറും ചെളി നീക്കി വൃത്തിയാക്കിയ മാതൃക തുടർന്നും മറ്റു തോടുകളിലും ആറുകളിലും നടപ്പാക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. മിനി റൈസ് മില്ലുകളും സൈലോയും സ്ഥാപിക്കുന്നതിന് 20 ലക്ഷവും മൂല്യവർദ്ധിത ഉല്പന്ന നിർമാണത്തിന് കോഴായിൽ നിർമ്മിക്കുന്ന കെട്ടിടത്തിലേക്ക് മെഷീനറികൾ വാങ്ങുന്നതിന് 35 ലക്ഷം രൂപയും വകയിരുത്തി. ജൈവകൃഷി പ്രോത്സാഹനം, ഇക്കോഷോപ്പുകൾക്ക് സഹായം എന്ന ഇനത്തിൽ 5ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോഴായിൽð ആരംഭിക്കുന്ന ഫാം ഫെസിലിറ്റേഷൻ സെന്റർ പദ്ധതിയുടെ പൂർത്തീകരണത്തിന് 5 ലക്ഷം രൂപ വകയിരുത്തി. കൂടാതെ മഹീന്ദ്രയുടെ കാർഷികോപകരണങ്ങളുടെ റിപ്പയറിംഗ് സെന്ററും ആരംഭിക്കും. ക്ഷീരകർഷകരുടെ മിൽക്ക് ഇൻസെന്റീവ് പദ്ധതിക്കായി 50,00,000 രൂപയാണ് വകയിരുത്തിയത്.
ഭൂജലപരിപോഷണം ലക്ഷ്യമിട്ട് 50 ലക്ഷം രൂപ വകയിരുത്തിയപ്പോൾ ചെക്ക് ഡാമുകളുടെ നിർമ്മാണം, തോടുകളുടെ ആഴം കൂട്ടൽ, ബണ്ട് നിർമ്മാണം, കയർ ഭൂവസ്ത്ര വിതാനം എന്നിവയ്ക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ഏക്കർ സ്ഥലം വിട്ടു തരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനവുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നിർമിക്കാൻ പദ്ധതിയിടുന്ന ഐ ടി പാർക്കിനു വേണ്ടി 50 ലക്ഷം ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. ഖാദി മേഖലക്ക് ഗുണകരമാകുന്ന ഒരു വീട്ടിൽð ഒരു തറി എന്ന പദ്ധതിയ്ക്കു വേണ്ടി 15 ലക്ഷം രൂപ വകയിരുത്തി. ടൂറിസം വികസനം ലക്ഷ്യമിട്ട് കുമരകത്ത് ആധുനിക ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപയും ബജറ്റിലുണ്ട്. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമായി കുമരകം ആർ.എ.ആർ.എസ്.ന് സമീപം മത്സ്യസങ്കേതം നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ ബജറ്റ് നീക്കി വച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽð പൈപ്പ് ലൈൻ എക്സ്റ്റൻഷന് 55 ലക്ഷം രൂപയും വൈദ്യുതി സ്ട്രീറ്റ് മെയിൻ എക്സ്റ്റൻഷൻ ആയി 55 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.