മലമ്പുഴയിലുള്ള ഗിരിവികാസില്‍ പുതിയ ബാച്ച് ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂള്‍ തുറന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയില്‍ പരാജയപ്പെട്ട 50 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് നാല് മാസം താമസിച്ച് പഠിക്കാന്‍ ഗിരിവികാസില്‍ എത്തിയത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയായി. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞമ്മദ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍, ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍ സാദിഖ് അലി, മലമ്പുഴ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി.എന്‍ മുരളി, എന്‍. കര്‍പ്പകം എന്നിവര്‍ സംസാരിച്ചു.