ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാംപസിന് പാലക്കാട് കഞ്ചിക്കോട് നാളെ (ഒക്ടോബര്‍ 23) വൈകീട്ട് 4.30 ന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് തറക്കല്ലിടും. താല്‍ക്കാലിക (ട്രാന്‍സിറ്റ്) ക്യാംപസായ ‘നിളയുടെ’ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ഐ.ഐ.ടി ബോര്‍ഡ് ഒാഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ രമേഷ് വെങ്കിടേശ്വരന്‍ അധ്യക്ഷനാകും.

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ശ്യാം ധോത്രെ, കേന്ദ്ര വിദേശകാര്യ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍, പട്ടികജാതി- പട്ടികവര്‍ഗ, പിന്നാക്കക്ഷേമ,  നിയമ, സാംസ്‌കാരിക,  പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ. കെ. ബാലന്‍,  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, വി. കെ. ശ്രീകണ്ഠന്‍ എം പി,  കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അമിത് ഖേര്‍, പാലക്കാട് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ പി.ബി.സുനില്‍ കുമാര്‍ പങ്കെടുക്കും.

കഞ്ചിക്കോട്ട് പുതുശ്ശേരി വെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 504 ഏക്കര്‍ സ്ഥലത്താണ് 3,000 കോടി ചെലവില്‍ ക്യാംപസ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1300 കോടി രൂപ അനുവദിച്ചു. 2014 ലെ കേന്ദ്ര ബജറ്റിലാണ് പാലക്കാട് ഐ.ഐ.ടി പ്രഖ്യാപിച്ചത്.


ഇതുവരെ പൂര്‍ത്തിയാക്കിയത് രണ്ട് ബാച്ച്

കോഴിപ്പാറയിലെ അഹല്യ താല്‍ക്കാലിക ക്യാമ്പസിലും കഞ്ചിക്കോട്ടെ ട്രാന്‍സിറ്റ് ക്യാംപസിലുമായി പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടി.യില്‍ നിന്നും രണ്ടു ബാച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ 85 ശതമാനം വിദ്യാര്‍ഥികളും പ്ലേസ്‌മെന്റ് നേടിക്കഴിഞ്ഞു. 2019 ജൂലൈയിലാണ് ആദ്യ ബാച്ചിന്റെ ബിരുദദാനം നടന്നത്.  പി.എച്ച്.ഡി അടക്കമുള്ള കോഴ്‌സുകളിലായി ഇപ്പോള്‍ 1000 വിദ്യാര്‍ഥികളുണ്ട്. 2021 ല്‍ 1200 വിദ്യാര്‍ഥികളെയും  2027 ആകുമ്പോഴേക്കും  2500 വിദ്യാര്‍ഥികളെയും ഐ.ഐ.ടി.പഠനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ അഞ്ച് കെട്ടിടങ്ങള്‍ ഉള്‍പ്പെട്ട അക്കാദമിക് ബ്ലോക്ക്, ഡിപ്പാര്‍ട്‌മെന്റ് ബ്ലോക്കുകള്‍, ക്ലാസ്മുറി സമുച്ചയം, വലിയ രണ്ടു ലാബുകള്‍, രണ്ടു ഹോസ്റ്റലുകള്‍, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കുക.