തൃശ്ശൂര്‍: തരൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന എല്ലാ റോഡുകളും പൂര്‍ത്തിയാക്കുന്നതോടെ ജനങ്ങളുടെ ചിരകാലസ്വപ്നമാവും സഫലമാകുകയെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്കക്ഷേമ- നിയമ -സാസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതോടൊപ്പം മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് പാലങ്ങളുടേയും രണ്ട് റോഡുകളുടേയും നിര്‍മാണവും ആരംഭിക്കുകയാണ്. തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടേയും പൂര്‍ത്തീകരണ- നിര്‍മാണോദ്ഘാടനം അധ്യക്ഷത നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മെച്ചപ്പെട്ട സഞ്ചാരസൗകര്യം മണ്ഡലത്തില്‍ ഉറപ്പാക്കി വരികയാണെന്നും സര്‍ക്കാര്‍ പ്രകടനപത്രികളില്‍ ഉള്‍പ്പെടുത്തിയ ഭൂരിപക്ഷം വാഗ്ദാനങ്ങളും സുതാര്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാനായതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തിലെ മംഗലംപാലം, കൊളെയ്ക്കാട് പാലം എന്നിവയ്ക്ക് ഭരണാനുമതി ലഭിക്കുകയും പത്തനാപുരം പാലം, മംഗലംചിറ പാലം എന്നിവയുടെ ഭരണാനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.