തരൂര്‍ നിയോജകമണ്ഡലത്തിലെ 10.91 കോടി ചെലവില്‍ പൂര്‍ത്തികരിച്ച നാല് റോഡുകളുടെ ഉദ്ഘാടനവും 30.83 കോടി ചെലവില്‍ നിര്‍മിക്കുന്ന രണ്ട് വീതം റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണോദ്ഘാടനവും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്കക്ഷേമ- നിയമ -സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. കെ.ഡി പ്രസേനന്‍ എം.എല്‍.എ മുഖ്യാഥിതിയായി.
സംസ്ഥാനത്ത് റോഡുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് പാലങ്ങള്‍ക്കാണെന്നും വര്‍ഷങ്ങളായി മറുകരയെത്താന്‍ യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളില്‍ പാലം യാഥാര്‍ഥ്യമാകുമ്പോള്‍ സാക്ഷാത്കരിക്കുന്നത് ജനങ്ങളുടെ സ്വപ്‌നമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് എട്ടു മാസംകൊണ്ട് നൂറിലധികം പാലങ്ങളാണ് പൂര്‍ത്തിയാക്കിയത്. റോഡുകളുടെ വികസനം പൂര്‍ത്തിയാക്കി വരികയാണ്. തരൂര്‍ മണ്ഡലത്തിലെ ജനാഭിലാഷം മനസ്സിലാക്കി ഏറ്റവും ബൃഹത്തായ പരിപാടികളാണ് മന്ത്രി എ.കെ ബാലന്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴുവക്കോട് – ഉതുങ്ങോട്- വാളക്കര റോഡ്, പുളിനെല്ലി – പെരുമല- തോട്ടക്കര റോഡ്, കോട്ടായി- വലിയമ്മക്കാവ് റോഡ്, കുഴല്‍മന്ദം – മങ്കര റോഡ് & പെരിങ്ങോട്ടുകുറിശ്ശി- പാമ്പാടി റോഡ് എന്നിവയുടെ പൂര്‍ത്തീകരണോദ്ഘാടനവും അണക്കപ്പാറ- മൂടപ്പല്ലൂര്‍ റോഡ്, കടവണി കമ്പിക്കോട്- പാലത്തറ റോഡ്, അരങ്ങാട്ട്കടവ് പാലം (കിഫ്ബി), തെന്നിലാപുരം പാലം (കിഫ്ബി) എന്നിവയുടെ നിര്‍മാണോദ്ഘാടനവുമാണ് നടന്നത്.