എറണാകുളം :നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കും ക്ഷേമനിധി ബോർഡിൽ അംഗങ്ങളാകാമെന്ന് കേരള ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി. ശശികുമാർ . നിർത്തിവെച്ച രജിസ്ട്രേഷൻ നടപടികൾ നവംബർ രണ്ടിന് പുനരാരംഭിക്കും

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ധനസഹായം നിർമ്മാണ തൊഴിലാളി മേഖലയിൽ 7 ലക്ഷത്തിലധികം തൊഴിലാളികൾക്ക് 70 കോടിയിൽ അധികം രൂപ ഇത് വരെ വിതരണം ചെയ്തു. കോവിഡ് ധന സഹായ വിതരണം നവംബർ 17ന് മുമ്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗം ബാധിച്ച നിർമ്മാണ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യും. ഇതിനായി സർക്കാർ അനുമതി ലഭ്യമാക്കും. കോവിഡ് മൂലം മരണമടഞ്ഞ നിർമ്മാണ തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന 50,000 രൂപയ്ക്ക് പുറമേ അടിയന്തിരമായി 10,000 രൂപ വിതരണം ചെയ്യും. കൂടാതെ കോവിഡ് മൂലം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വന്ന കാലതാമസം ഉടൻ പരിഹരിക്കും. ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ച് ആനുകൂല്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ വിതരണം ചെയ്യും .

തൊഴിലാളികളുടെ ആശ്രിതർക്ക് നൽകിവരുന്ന വിദ്യാഭ്യാസ ആനുകൂല്യ വിതരണവും എത്രയും വേഗം പൂർത്തിയാക്കും. പെൻഷൻകാർക്ക് ഉള്ള മസ്റ്ററിംഗ് സർക്കാർ തീരുമാനത്തിന് വിധേയമായും ആരംഭിക്കും. എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അതിഥി തൊഴിലാളികളായ ബീഹാറി ദമ്പതികളുടെ മകൾ പായൽ കുമാരിക്ക് ബോർഡ് ഉപഹാരവും ധനസഹായവും നൽകി.