കേരളത്തിലെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ദിനമായ നവം. ഒന്ന് മലയാള ദിനമായും ഒരാഴ്ച ഭരണഭാഷാ വാരമായും ആഘോഷിച്ചു വരുന്നത്.കൊവിഡിന്റെ പാശ്ചാത്തത്തില്‍ കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കി ഓണ്‍ലൈനായി പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ഒന്ന് രാവിലെ 11 ന് ചെറുതോണിയില്‍ വൈദ്യുതി മന്ത്രി എം എം മണി നിര്‍വ്വഹിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയിട്ടുള്ള വികസന കൈപ്പുസ്തകം മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്യും.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒരുക്കിയിട്ടുള്ള ഡോക്യുമെന്ററിയും ചടങ്ങില്‍ പുറത്തിറക്കും.

കട്ടപ്പന ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. വി. കണ്ണന്‍ മലയാള ദിന സന്ദേശം നല്‍കി മലയാളം ഭരണഭാഷാ പ്രഭാഷണം നടത്തും. തൊടുപുഴ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളും മലയാള വിഭാഗം മേധാവിയുമായ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്് മലയാള ഭാഷാഭേദങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈനായി സംവദിക്കും. എംപി, എംഎല്‍എമാര്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എല്‍ പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായി വായനാ മത്സരവും എച്ച് എസ്, എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാള ഗാനാലാപന മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ദിന ഓണ്‍ലൈന്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരവും സംഘടിപ്പിക്കുന്നു. മൂന്നു മിനുറ്റില്‍ കൂടാത്ത വിധം ഒക്ടോബര്‍ 31 ലെ മലയാള ദിനപ്പത്രത്തിലൊന്നിലെ എഡിറ്റോറിയലാണ് വായനാ മത്സരത്തിന് വായിക്കേണ്ടത്. ഗാനാലാപന വിഭാഗത്തില്‍ മൂന്ന് മിനുറ്റില്‍ കവിയാത്ത മലയാള മഹിമ ഉദ്ഘോഷിക്കുന്ന ഗാന ഭാഗവും ആലപിക്കണം. എല്ലാ വിഭാഗത്തിലും വിഡിയോ എടുത്ത് വാട്ട്സാപ്പില്‍ അയച്ചാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. താല്‍പര്യമുള്ളവര്‍ സൃഷ്ടികള്‍ 9496000620 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യണം. നവംബര്‍ ഒന്ന് ഞായര്‍ രാവിലെ പത്തു മണി മുതല്‍ രാത്രി 12 മണി വരെ ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കൂ.

മത്സരാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസ്, ഫോട്ടൊ പതിച്ച സ്‌കൂള്‍/കോളേജ് ഐഡന്ററ്റി കാര്‍ഡ്, പൂര്‍ണ്ണ മേല്‍വിലാസം എന്നിവകൂടി വാട്ട്സാപ്പില്‍ അയക്കണം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുവര്‍ക്ക് സമ്മാനം നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിശ്ചയിക്കുന്ന സമിതിയായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്.