സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണെന്നും സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശുപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ കത്ത് സ്വന്തം കൈപ്പടയിൽ ഒപ്പുവച്ച് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബർ 23ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ   അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിക്കും
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഉത്തരവിട്ടു. മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിലും, മാധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ ചുമതല. മാധ്യമ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ അതിൻമേൽ തുടർ നടപടികൾ ശുപാർശ ചെയ്യുന്നതിനുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ജില്ലാ കളക്ടർ ചെയർമാനായ സമിതിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കും കൺവീനർ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കളക്ടറേറ്റിലെ ലോ ഓഫീസർ, ഒരു വിശിഷ്ട മാധ്യമ/ സാമൂഹ്യ പ്രവർത്തകൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ജില്ലാതല മീഡിയാ റിലേഷൻസ് സമിതിയുടെ തീരുമാനങ്ങളിൻമേലുള്ള അപ്പീൽ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് അപേക്ഷകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. ഡിസംബർ 16 വരെയാണ് സമിതിയുടെ കാലാവധി. സമിതിയിലെ അനൗദ്യോഗിക അംഗങ്ങൾക്ക് സിറ്റിംഗിന് ദിനബത്ത അനുവദിക്കും. സമിതികൾ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചുമതല ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്.