തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച  (നവംബർ 19) വൈകിട്ട് ആറ് മണിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ എണ്ണം 1,52,292 ആയി.

ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 3,843 നാമനിർദ്ദേശ പത്രികകളും ലഭിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടർന്ന് നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. പത്രികാ സമർപ്പണം അവസാനിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച (നവംബർ 20) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി  നവംബർ 23-നാണ്.


നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന
വെള്ളിയാഴ്ച (നവംബർ 20ന്)

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച (നവംബർ 20ന്) നടക്കും. സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശപത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം മേൽപ്പറഞ്ഞവർക്ക് ലഭിക്കും.
ഒരു സ്ഥാനാർത്ഥിയുടെ യോഗ്യതയോ അയോഗ്യതയോ നാമനിർദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കേണ്ടത്. എന്നാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക അക്ഷരമാലാക്രമത്തിൽ ഫാറം നമ്പർ 4-ൽ തയ്യാറാക്കണം. വരണാധികാരിക്ക് ലഭിച്ചിട്ടുള്ള എല്ലാ നാമനിർദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്. ഒരു സ്ഥാനാർത്ഥിയോ അഥവാ സ്ഥാനാർത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുെണ്ടങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തശേഷം സൂക്ഷ്മപരിശോധന നടത്തണം.
ഏതെങ്കിലും ഒരു നാമനിർദ്ദേശ പത്രികയിൽ കാണുന്ന നിസ്സാര തെറ്റ്, അതായത് പട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, സ്ഥാനാർത്ഥിയുടെ പേര്, വയസ്സ് എന്നിവ അവഗണിക്കേണ്ടതാണ്. ഒരു സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സാധുവാണെന്ന് കണ്ടതിനാൽ അയാളെത്തന്നെ സംബന്ധിക്കുന്ന മറ്റു നാമനിർദ്ദേശപത്രികകൾ സൂക്ഷ്മപരിശോധന നടത്താതെ വിടാൻ പാടില്ല. ഒരു സ്ഥാനാർത്ഥി സമർപ്പിച്ച എല്ലാ നാമനിർദ്ദേശപത്രികകളും തള്ളുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉടൻ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകും.
ഏതെങ്കിലും ഒരു നാമനിർദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കിൽ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടാൽ നൽകണം. സ്വീകരിക്കപ്പെട്ട നാമനിർദ്ദേശപത്രികളുടെ കാര്യത്തിൽ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങൾ     വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാൽ ഒരു നാമനിർദ്ദേശ പത്രിക സ്വീകരിപ്പെടുന്നതിൽ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളിൽ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കണം.
നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധന നടത്തുമ്പോൾ പ്രധാനപ്പെട്ട ഒരു അർദ്ധനീതി   ന്യായസ്വഭാവമുള്ള ചുമതലയാണ് വരണാധികാരി നിർവ്വഹിക്കുന്നത്. അതിനാൽ വരണാധികാരി ഒരു നീതിപാലകന്റെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ്  തീരുമാനമെടുക്കേണ്ടത്.     വ്യക്തിപരമോ രാഷ്ട്രീയമോ ആയ മാനസിക നിലപാട് വരണാധികാരിയുടെ നടപടികളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാൻ അനുവദിക്കരുത്. നിർഭയമായും നിഷ്പക്ഷമായും തീരുമാനമെടുക്കണം എന്നാണ് ബന്ധപ്പെട്ട നിയമങ്ങൾ അനുശാസിക്കുന്നത്.
ഏതെങ്കിലും നാമനിർദ്ദേശപത്രികയെക്കുറിച്ച് തടസ്സവാദം ഉന്നയിക്കപ്പെട്ടാൽ അതേപ്പറ്റി തീർപ്പാക്കുന്നതിന് വരണാധികാരി ഒരു സംക്ഷിപ്ത അനേ്വഷണം നടത്തേണ്ടതും ആ നാമനിർദ്ദേശപത്രിക പരിഗണിച്ച് സാധുവാണെന്നോ അല്ലെന്നോ ഉത്തരവാകേണ്ടതുമാണ്. ഓരോന്നിലും, പ്രതേ്യകിച്ച് തടസ്സവാദമുന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും നാമനിർദ്ദേശപത്രിക തള്ളുകയാണെങ്കിൽ വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം ബോദ്ധ്യപ്പെടുത്തേണ്ടതാണെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.