കണ്ണൂർ: തെരഞ്ഞെടുപ്പ് ഹരിതപെരുമാറ്റചട്ടം കൈപ്പുസ്തകം ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അസിസ്റ്റന്റ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിക്ക് നല്‍കി പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പാലിക്കേണ്ട ഹരിത പെരുമാറ്റചട്ടങ്ങളെ കുറിച്ച് വിവരിക്കുന്നതാണ് പുസ്തകം.

സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഹാന്‍ഡ്ബുക്ക് നല്‍കും. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, മികച്ച ഹരിത പോളിംഗ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തില്‍ ശുചിത്വമിഷന്‍ അംഗീകാരപത്രം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതപെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍  ഫ്‌ളക്‌സ് നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ ഹരിത തെരഞ്ഞെടുപ്പ് ശുചിത്വ മിഷന്‍ പി എം രാജീവ്  അറിയിച്ചു.