മലപ്പുറം: സ്ഥാനാര്‍ത്ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പടെ എത്ര വാഹനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരുന്നതാണ്. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്‍ വാഹന നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പെര്‍മിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെര്‍മിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങള്‍ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാന്‍ പാടില്ല.

സുരക്ഷാ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കാം. സുരക്ഷാ അധികാരികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പകരം വാഹനമായി ഒന്നില്‍ കൂടുതല്‍ വാഹങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇപ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ചെലവ് അതത് വ്യക്തികള്‍ വഹിക്കണം. പൈലറ്റ് വാഹനവും എസ്‌കോട്ട് വാഹനവും ഉള്‍പ്പടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികള്‍ അനുവദിച്ചിട്ടുള്ളവയില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍/വാടക വാഹനങ്ങളായാലും അതിന്റെ ചെലവ് അതത് വ്യക്തികള്‍ വഹിക്കണം.