ഓർഫനെജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുളള അനാഥാലയങ്ങളിൽ ആരോഗ്യ പരിശോധന ഉറപ്പാക്കണമെന്ന് കെ.കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. അനാഥലയങ്ങളുടെയും മറ്റ് ധർമ സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച ജില്ലാതല നിരീക്ഷണ സമിതി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. മാസത്തിലൊരിക്കലുളള ആരോഗ്യ പരിശോധന ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. പരിശോധനയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. അനാഥാലയങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഗ്രാന്റുകൾ നൽകുന്നതിനും അന്തേവാസികൾക്ക് അർഹമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായാണ് ജില്ലാതല നിരീക്ഷണ സമിതി യോഗം ചേർന്നത്. ജില്ലാ കലക്ടർ ഡോ.പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ജില്ലാകലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ, അനാഥാലയ മാനെജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തു.