കണ്ണാടിയിൽ വീശിയടിച്ച വേനൽചുഴലിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകുമെന്ന് നിയമ-സാംസ്‌ക്കാരിക-പിന്നാക്ക ക്ഷേമ-പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ദുരന്തബാധിത മേഖല സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു- കൃഷി വകുപ്പുകൾ കൃത്യമായ നാശനഷ്ട കണക്കുകൾ ജില്ലാ കലക്റ്റർ വഴി സർക്കാറിന് നൽകണം. വൈദ്യുതി-ജല വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കാൻ കണ്ണാടി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കണ്ണാടി ഗ്രാമപഞ്ചായത്തിലെ 11,12,13,15 വാർഡുകളിലാണ് നാശനഷ്ടമുണ്ടായത്. 10 വീടുകൾ പൂർണ്ണമായും 120 വീടുകൾ ഭാഗികമായും തകർന്നതായി ആർ.ഡി.ഒ പറഞ്ഞു. 113 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 112 തെങ്ങ്, 17 കവുങ്ങ്, 295 വാഴ എന്നിവയും ചുഴലിക്കാറ്റിൽ നിലംപതിച്ചു. രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി യോഗത്തിൽ വിലയിരുത്തി.
കണ്ണാടിയിൽ മരം വീണ് വീട് തകർന്ന് ചികിത്സയിൽ കഴിയുന്ന കൃഷ്ണന്റെ വീടും ചെല്ലിക്കാട് ലക്ഷമണന്റെ വീടും മന്ത്രി സന്ദർശിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിനുമോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. വേണുഗോപാൽ, ആർ.ഡി.ഒ. കാവേരിക്കുട്ടി, തഹസിൽദാർ വി. വിശാലാക്ഷി എന്നിവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു. അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.