അയ്യപ്പ ഭക്തരെ സാക്ഷിനിർത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകൻ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭർക്കു നൽകുന്നതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം. ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പൻ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ശബരിമല സ്പെഷൽ കമ്മീഷണർ എം. മനോജ്, എഡിജിപി എസ്. ശ്രീജിത്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ ബി.എസ്. തിരുമേനി തുടങ്ങിയവർ സംസാരിച്ചു.

പുരസ്‌കാര ജേതാവ് വീരമണി രാജു മറുപടി പറഞ്ഞു. പത്ത് ഓസ്‌കാറിനേക്കാൾ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്‌കാരമെന്നും ഇതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും വീരമണി രാജു പറഞ്ഞു. പുരസ്‌കാര ചടങ്ങിനെ തുടർന്ന് ലോക പ്രസിദ്ധ അയ്യപ്പഭക്തി ഗാനമായ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ തുടങ്ങി ഒട്ടേറെ ഭക്തിഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
2012 ലാണ് സംസ്ഥാന സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ഹരിവരാസനം പുരസ്‌കാരം ഏർപ്പെടുത്തിയത്. ഗാന ഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. കെ.ജി. ജയൻ, പി. ജയചന്ദ്രൻ, എസ്.പി. ബാലസുബ്രഹ്‌മണ്യം, എം.ജി. ശ്രീകുമാർ, ഗംഗൈ അമരൻ, കെ.എസ്. ചിത്ര, പി. സുശീല, ഇളയരാജ തുടങ്ങിയവർ തുടർ വർഷങ്ങളിൽ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
ശബരിമല സന്നിധാനത്തെ മാളികപ്പുറം ക്ഷേത്രത്തിനു സമീപമുള്ള നവീകരിച്ച  അന്നദാന മണ്ഡപം മകരവിളക്ക് ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭക്തർക്കായി തുറന്നു കൊടുത്തു. ഹരിവരാസനം പുരസ്‌കാര ചടങ്ങിൽ അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഒരേ സമയം 5000 ഭക്തർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണ് ശബരിമലയിലെ അന്നദാന മണ്ഡപം. 21.55 കോടി രൂപയാണ് ഇതിന്റെ നിർമാണ ചെലവ്.