എറണാകുളം: ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക.

മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതല കർമ്മസമിതി യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസ് ഒരുക്കങ്ങൾ വിലയിരുത്തി.
73000 ഡോസ് വാക്സിൻ ജില്ലക്ക് ലഭ്യമായതിൽ 1040 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 71,290 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകുന്നത്.
വാക്സിൻ സെൻ്ററുകളിൽ ഒരു ദിവസം നൂറു പേർക്ക് വീതം 12 സെൻ്ററുകളിലായി 1200 പേർക്കായിരിക്കും ഒരു ദിവസം വാക്സിൻ നൽകുക. ജില്ലയിലെ 19 ബ്ലോക്കുകളിലായി 260 വാക്സിൻ സെൻ്റെറുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിൻ സെൻ്റെറുകളായി ഉൾപ്പെടുത്തി. രണ്ട് ഡോസ് വാക്സിനാണ് നൽകുക. ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നൽകുക. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള ടാസ്ക് ഫോഴ്സ് അതാത് മെഡിക്കൽ ഓഫീസർമാരുടെയും, തഹസീൽ മാരുടെയും നേതൃത്വത്തിൽ നടത്തും. നിലവിലുള്ള 12 വാക്സിൻ സെൻ്റെറിലെ വാക്സിനേറ്റർമാർക്കും, മറ്റ് ടീം അംഗങ്ങൾക്കുമുള്ള പരിശീലനം പൂർത്തിയായി.

വാക്സിനേഷനായി സമഗ്രമായ വിവര ശേഖരണമാണ് ജില്ലയിൽ നടത്തിയത്.
ആദ്യ ഘട്ടത്തിൽ 63000 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയത്. ഇതിനായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരുടെ പൂർണ്ണ വിവരങ്ങൾക്കു പുറമേ ഡ്രൈവിംഗ് ലൈസൻസ് / വോട്ടർ ഐഡി / പാൻ കാർഡ്/ പാസ്പോർട്ട് / ജോലി ഐ ഡി കാർഡ്/ പെൻഷൻ രേഖ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തുടങ്ങിയ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൂടി ഉൾപ്പെടുത്തിക്കൊണ്ട് മുഴുവൻ വിവരങ്ങളും എക്സൽ ഷീറ്റിൽ രേഖപ്പെടുത്തി. ഈ ഡേറ്റ ജില്ലയിലെ കോ-ഓർഡിനേഷൻ വിംഗിൻ്റെ നേതൃത്വത്തിൽ സെൻട്രൽ സർവറിലേക്ക് അപ് ലോഡ് ചെയ്തു. ഈ ഡേറ്റാ ബാങ്കിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ആദ്യ ഘട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവെപ്പ് നല്കുന്നത്. രണ്ടാംഘട്ടത്തില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്നിരയില് നില്ക്കുന്ന റവന്യൂ, പൊലീസ്,തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിഭാഗങ്ങൾക്കാണ് നൽകുക. മൂന്നാം 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും.പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി തുറന്നു നൽകിയിട്ടില്ല.

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 180,000 ഡോസ് കോവിഷീൽഡ് വാക്സിനുകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. ഇതിൽ തൃശൂർ പാലക്കാട്,കോട്ടയം,ഇടുക്കി,എന്നീ ജില്ലകളിലേക്കുള്ള വാക്സിനുകൾ അതാത് ജില്ലകളിലേക്ക് കൊണ്ടുപോയി.1200 വയലുകൾ (Vial) അടങ്ങിയ 15 ബോക്സുകളിലായാണ് വാക്സിൻ എത്തിയിട്ടുള്ളത്.2 മുതൽ 8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നതിനുള്ള വാക്കിങ് കൂളറിലാണ് വാക്സിൻ സംഭരിച്ചിരിക്കുന്നത്.എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ വാക്സിൻ സെൻ്ററിലാണ് വാക്സിൻ എത്തിയിട്ടുള്ളത്. ജില്ലയിൽ വിതരണത്തിനായി 73000 ഡോസ് വാക്സിൻ ആണ് എത്തിയിട്ടുള്ളത്. ജില്ലയിലെ നിലവിലെ 12 വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ഇന്നും നാളെയുമായി വാക്സിൻ എത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ അനുയോജ്യമായ താപനിലയിൽ സൂക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജനുവരി16ന് തന്നെ ജില്ലയിൽ വാക്സിനേഷൻ ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയാണ് ടു വെ കമ്മൂണിക്കേഷൻ സെൻ്റെറായി ജില്ലയിൽ തെരഞ്ഞെടുത്തിട്ടുള്ളത്. വാക്സിനേഷൻ സംഘത്തിനുള്ള പരിശീലനം പൂർത്തീകരിച്ചു . ജില്ലയിൽ എറണാകുളം ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി പിറവം,ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം,കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം, ഗവ.മെഡിക്കൽ കോളേജ്, എറണാകുളം, ആസ്റ്റർ മെഡിസിറ്റി കൊച്ചി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ,എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവ്വേദ ആശുപത്രി,കടവന്ത്ര നഗരാരോഗ്യ കേന്ദ്രം ളാണ് എന്നീ 12 വാക്സിനേഷൻ സൈറ്റുകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ വാക്സിനേഷൻ സൈറ്റുകളിലെ നിയുക്തസംഘത്തിൻ്റെ പ്രത്യേക യോഗം ഇന്ന് ചേർന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ഷാജഹാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വിവേക് കുമാർ ആർ, ആർ.സി.എച്ച്.ഓഫീസർ ഡോ.ശിവദാസ് എം.ജി എന്നിവർ ‘ പ്രവർത്തനങ്ങൾ വിശദീകരിച്ചു. .കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വാക്്‌സിന്‍ വിതരണം ചെയ്യാനുളള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. ഒരു വാക്‌സിനേറ്റര്‍, നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങിയതാണ് ഒരു വാക്‌സിനേഷന്‍ സംഘം. വാക്‌സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും ഇവിടെ ഉണ്ടാകും. ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. കോവിഡ് രോഗം ബാധിച്ചവരിൽ നെഗറ്റീവായതിന് 14 ദിവസത്തിന് ശേഷം മാത്രമാണ് വാക്സിനേഷൻ
ചെയ്യേണ്ടത്. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരു സമയം ഒരാള്‍ മാത്രമേ വാക്സിനേഷന്‍ റൂമില്‍ കടക്കാന്‍ പാടുളളൂ. വാക്‌സിനേഷനു ശേഷം ഒബ്‌സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരിക്കണം. വാക്സിനേഷന്‍ റൂമില്‍ സ്വകാര്യത ഉറപ്പുവരുത്തും.

ജില്ലാ മെഡിക്കൽ ഓഫീസിൽ ആയിരിക്കും കോവിഡ് വാക്സിനെഷൻ കൺട്രോൾ റൂം പ്രവർത്തിക്കുക. കൺട്രോൾ റൂം നമ്പർ: 9072303861 ( സമയം- രാവിലെ 9 മുതൽ 6 വരെ)