വിവിധ നൈപുണ്യ വികസന പദ്ധതികൾ ധനകാര്യവകുപ്പു മന്ത്രി  ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം വിദ്യാർത്ഥികൾക്കും  ഉദ്യോഗാർത്ഥികൾക്കുമായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അസാപ് ആവിഷ്‌കരിക്കുന്ന ഇൻഡസ്ട്രി ഓൺ ഡ്രൈവ്, ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് -ആസ്പയർ  2020, വിദേശ ജോലി ആഗ്രഹിക്കുന്ന നഴ്സിംഗ് പ്രൊഫെഷനലുകൾക്കുള്ള ക്രാഷ് ഫിനിഷിങ് കോഴ്സ് എന്നീ പദ്ധതികൾ മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും നിരവധി മാറ്റങ്ങൾ ഉണ്ടകും. ഡിജിറ്റൽ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തുന്ന നൂതന സംരംഭങ്ങൾ വളർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

അഭ്യസ്തവിദ്യരായ യുവ പ്രതിഭകൾക്ക് നവീന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങൾക്ക് പ്രാപ്തരാക്കുന്നതിനാണ് അസാപ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 45 പോളിടെക്നിക് കോളേജുകളിൽ ഓരോ ഇൻഡസ്ട്രികളുടെയും ഒരു ചെറിയ മാതൃക സൃഷ്ടിക്കുകയും അവയിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കുകയുമാണ് ലക്ഷ്യം. എൻജിനിയറിങ് കോളേജുകളിലൂടെ ആധുനിക കോഴ്സുകൾ വിദ്യാർത്ഥികൾക്ക് നൽകി അവരെ തൊഴിൽ സജ്ജരാക്കാനും, പോളിടെക്നിക്കുകളിൽ അസാപ് തന്നെ ഒരു ചെറിയ ഇൻഡസ്ട്രി മാതൃക സൃഷ്ടിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവർ അഭ്യസിച്ച കോഴ്സുകളുടെ പ്രായോഗിക കാര്യങ്ങൾ ചെയ്ത് മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കും. വ്യവസായ ചലനാത്മകത, ഡ്രൈവ് ടെക്നോളജി, ബിസിനസ് സംരംഭങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ ഉളവാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ സംരംഭം.

പോളിടെക്നിക് കോളേജുകളിൽ സ്ഥാപിതമാകുന്ന ഈ ഇൻഡസ്ട്രി ഓൺ ക്യാമ്പസുകൾ, വരും വർഷങ്ങളിൽ മിനി ഇൻഡസ്ട്രീസ്, മൈക്രോ ഇൻഡസ്ട്രീസ് എന്നിവയായി പരിണമിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഐ ടി, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിൽ ആവശ്യമായ എല്ലാ സാങ്കേതികവിദ്യകളിലും അതത് മേഖലകളിലെ വിദഗ്ദ്ധരായ കമ്പനികളുമായി സഹകരിച്ച് മികച്ച പരിശീലനം നൽകുന്നു. ആദ്യ ഘട്ടത്തിൽ പരിശീലനം പൂർത്തീകരിച്ച 7500 ഓളം വരുന്ന ഉദ്യോഗാർത്ഥികൾക്കായാണ് ആസ്പയർ 2020  ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി നിയമനം നേടിയ ഉദ്യോഗാർഥികളുടെ ഓഫർ ലെറ്റർ വിതരണവും നടന്നു.

നഴ്സിങ് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായുള്ള ക്രാഷ് ഫിനിഷിങ് സ്‌കിൽ കോഴ്സ് നടപ്പിലാക്കുന്നതിന്  അസാപ്പും ബ്രിട്ടീഷ് കൗൺസിലും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. ഐ.ഇ.എൽ.ടി.എസ് പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നതിനും, അന്താരാഷ്ട്ര തൊഴിലവസരങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നതിനുമായി, അസാപിന്റെ നേതൃത്വത്തിൽ 10.000 നഴ്സുമാർക്കാണ്് ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്നത്. ഇംഗ്ലീഷ് ഭാഷാ പരിശീലനവിദഗ്ധരായ ബ്രിട്ടീഷ് കൗൺസിൽ വഴിയാണ് ഇത്. ഓൺലൈൻ രീതിയിലുള്ള പരിശീലനമായിരിക്കും  ഈ പദ്ധതിയിൽ ഉൾക്കൊള്ളുക. പരിശീലനത്തിന് മുന്നോടിയായി നഴ്സുമാർക്ക് ഒരു പ്രീ-കോഴ്സ് അസ്സെസ്സ്മെന്റും ഉണ്ടായിരിക്കും. ബ്രിട്ടീഷ് കൗൺസിലിന്റെ ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റിലൂടെ നടത്തുന്ന അസ്സെസ്സ്മെന്റിൽ, വിദ്യാർത്ഥികളുടെ വ്യാകരണ-പദാവലി-ശ്രവണ-വായനാ നൈപുണികൾ വിലയിരുത്തപ്പെടും.

ആവശ്യമായ ഇംഗ്ലീഷ് സ്‌കോറോട് കൂടി സ്പീക്കിംഗ് ടെസ്റ്റ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ അതത് കോഴ്സുകളിലേക്ക് നിയോഗിക്കപ്പെടും. പരിചയസമ്പന്നരായ ഭാഷാ വിദഗ്ധരുടെ പിന്തുണയിലും, നിരീക്ഷണത്തിലും അന്താരാഷ്ട്ര യോഗ്യതയുള്ള അധ്യാപകർ പഠിപ്പിക്കും. 20 ആഴ്ചകളിലായി ആകെ 200 മണിക്കൂറാണ് പഠനം. തത്സമയ പരിശീലനത്തിലൂടെയും, സ്വയം പ്രവേശിത പഠനത്തിലൂടെയും, നഴ്സുമാർ വായന, എഴുത്ത്, കേൾക്കൽ, സംസാരിക്കൽ എന്നീ നാല് മേഖലകളിൽ ഇംഗ്ലീഷ് ഭാഷാ കഴിവുകൾ മെച്ചപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ വീണ എൻ മാധവൻ, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡോ ബൈജുബായ് ടി പി, ബ്രിട്ടീഷ് കൗൺസിൽ പ്രതിനിധി ഡോ.ജനക പുഷ്പനാഥൻ എന്നിവർ സംബന്ധിച്ചു.