ഇടുക്കി :  ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യം വച്ച് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ ഇടുക്കി ജില്ലയില്‍ നാട്ടുചന്തകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. മന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷനായിരുന്നു. റോഷി അഗസ്റ്റിന്‍ എം എല്‍ എ സന്നിഹിതനായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെയും കൃഷി വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായിട്ടാണു ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ 25 ആഴ്ചച്ചന്തകള്‍ തുറക്കാന്‍ കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി. ടി സുലോചന അറിയിച്ചു. അടിമാലിയില്‍ കഴിഞ്ഞ ഒന്നരമാസമായി ചന്ത വിജയകരമായി നടത്തിവരുന്നു. കര്‍ഷകരുടെ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്നു. സംസ്ഥാനമൊട്ടാകെ 250 ഓളം ചന്തകള്‍ ആണ് ആരംഭിച്ചത്.

കൃഷി ഭവന്‍ മുഖേന വ്യക്തികള്‍ക്കു നല്‍കുന്ന സബ്സിഡി സംരംഭങ്ങള്‍ക്കു കൂടി നല്‍്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ കര്‍ഷകര്‍ വളര്‍ത്തുന്ന മീനുകളുടെ വില്പനയ്ക്ക് സംവിധാനമൊരുക്കണമെന്ന് യോഗം ഫിഷറീസ് വകുപ്പിനോടു നിര്‍ദേശിച്ചു.

ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി വിപുലമാക്കണമെന്ന് മന്ത്രി എം എം മണി നിര്‍ദേശിച്ചു. ശുദ്ധമായ പച്ചക്കറിയും മീനും മറ്റ് കാര്‍ഷികോത്പന്നങ്ങളും ലഭ്യമാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണു വേണ്ടത്. സംഭരണത്തോടൊപ്പം വിപണനം കൂടി വിപുലവും ശക്തവുമാക്കണം. പുറത്ത നിന്നുള്ള പഴകിയ മത്സ്യം ജില്ലയിലെത്തുന്നതു തടയുന്നതിനു ഇവിടെത്തന്നെ നല്ല മീന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യണം. കമ്പോളം കേന്ദ്രീകരിച്ചുള്ള ഉത്പന്ന വിപണനമാണു വേണ്ടതെന്നു മന്ത്രിപറഞ്ഞു. അതിനു ചെറുതും വലുതുമായ കേന്ദ്രങ്ങളില്‍ വിപണനം ശക്തമാക്കണം.

കാര്‍ഷികോത്പന്നങ്ങളുടെ സംഭരണ, വിപണന കാര്യങ്ങളില്‍ ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കണമെന്നു റോഷി അഗസ്റ്റിന്‍ എം എല്‍ എ നിര്‍ദേശിച്ചു. സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന നാട്ടുചന്തകളില്‍ വില്ക്കുന്ന ഉത്പന്നങ്ങള്‍ക്കു സംബ്സിഡി ലഭിക്കാന്‍ മാര്‍ഗമുണ്ടാക്കണമെന്നു സഹകരണസംഘം പ്രതിനിധിയും കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ംഗവുമായ സി വി വര്‍ഗീസ് പറഞ്ഞു. പട്ടയഭൂമി കൂടാതെ കൈവശഭൂമിയിലെ കര്‍ഷകനും സ്ബ്സിഡി ലഭിക്കാന്‍ വഴിയൊരുക്കണം. യോഗത്തില്‍ റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, വി എഫ് പിസികെ ജില്ലാ മാനേജര്‍ വി. ബിന്ദു, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ജോസന്‍, എഡിസി ജി. പി. ശ്രീജിത്, കാഡ്സ് പ്രതിനിധി കെ എ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.