ഇടുക്കി:  ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സാന്ത്വന സ്പര്‍ശം താലൂക്ക്തല സംഗമ പരിപാടി ഇടുക്കി ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളിലായി നടത്തും. ജില്ലയുടെ ചുമതലയുള്ളവൈദ്യുതി മന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ഇതു സംബന്ധിച്ചു
തീരുമാനങ്ങളെടുത്തു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. എസ്. രാജേന്ദ്രന്‍ എം എല്‍ എ, റോഷി അഗസ്റ്റിന്‍ എം എല്‍ എ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

വൈദ്യുതി മന്ത്രി എം എം മണി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ സാന്ത്വന സ്പര്‍ശ സംഗമത്തില്‍ പങ്കെടുത്തു പരാതികളും അപേക്ഷകളും പരിഗണിച്ചു തീര്‍പ്പു കല്പിക്കും.

ഫെബ്രുവരി 15 ന് ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളുടെ സംഗമം നെടുങ്കണ്ടത്തും, ഫെബ്രുവരി 16 ന് ദേവികുളം താലൂക്കിന്റേത് അടിമാലിയിലും ഫെബ്രുവരി 18ന് ഇടുക്കി, തൊടുപുഴ താലൂക്കുകളുടെത് ഇടുക്കിയിലും നടത്താന്‍ തീരുമാനിച്ചു. ചികിത്സാസഹായം, പട്ടയം, മറ്റ് ഭൂമി സംബന്ധമായ വിഷയങ്ങള്‍, ലൈഫ് അപേക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ സംഗമത്തില്‍ പരിഗണിക്കും. ഇതു സംബന്ധിച്ചു്ള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ പ്രവര്‍ത്തി സമയങ്ങളില്‍ സമര്‍പ്പിക്കാം. അതത് താലൂക്ക് ഓഫീസുകളില്‍ ഈ സമയപരിധിക്കുള്ളില്‍ നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. 25000 രൂപവരെയുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ ചികിത്സാ സഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല.

താലൂക്ക്തല സംഗമം നടത്തുന്ന അതത് കേന്ദ്രങ്ങളില്‍ ജനുവരി 29 ന് സ്വാഗതസംഘ രൂപീകരണ യോഗം ചേരും. എം എല്‍ എമാര്‍ അധ്യക്ഷനാകുന്ന സ്വാഗതസംഘത്തില്‍ ജില്ല, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. സംഗമത്തിന്റെ നടത്തിപ്പുചുമതല അതത് തഹസീല്‍ദാരുടെ നേതൃത്വത്തിലായിരിക്കും. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, ഹുസുര്‍ ശിരസ്തദാര്‍ മിനി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൊടുപുഴ, ഇടുക്കി ബ്ളോക്കുകള്‍ ഉള്‍പ്പെടുത്തി നടത്തുന്ന സാന്ത്വന സ്പര്‍ശത്തിനു മുന്നോടിയായുള്ള സ്വാഗത സംഘത്തിന്റെ രൂപീകരണ യോഗം ജനുവരി 29ന് രാവിലെ 10.30 ന് ചെറുതോണി വ്യാപാര ഭവന്‍ ഹാളില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരും.