കുട്ടനാട്ടിൽ  മഴക്കെടുതികൾ നേരിടുന്നതിനും പകർച്ചവ്യാധിയുൾപ്പടെ തടയുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചുവരുന്നതായി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച സന്ദർശിക്കുകയായിരുന്നു മന്ത്രി. വെള്ളം ഇറങ്ങുമ്പോൾ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന് സജ്ജമായിരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.  രണ്ട് ലക്ഷത്തോളം ക്ലോറിൻ ടാബ്ലറ്റ്, വളം കടിക്കുള്ള മരുന്ന്, അത്യാവശ്യമരുന്നുകൾ എന്നിവ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഫ്‌ലോട്ടിങ് ഡിസ്‌പെൻസറികൾ, ബോട്ടുകൾ എന്നിവ ഉപയോഗിച്ച്  മെഡിക്കൽ ക്യാമ്പുകൾ നടന്നു വരുന്നതായി മന്ത്രി പറഞ്ഞു. ജല ആംബുലൻസും രംഗത്തുണ്ട്.  കുപ്പപ്പുറം പി.എച്ച്.സി, കുപ്പപ്പുറത്തെ ക്യാമ്പുകൾ എന്നിവ മന്ത്രി സന്ദർശിച്ചു. കുപ്പപ്പുറം പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സഹായം ത്രിതല പഞ്ചായത്തുകളിൽ നിന്ന് ലഭ്യമാക്കാൻ ജനപ്രതിനിധികൾ മുൻകൈയ്യെടുക്കണമെന്ന് നിർദ്ദേശിച്ചു. കുപ്പപ്പുറം പി.എച്ച്.സി യിലെ ലാബിന്റെ ഉദ്ഘാടനവും ക്യാമ്പംഗങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രി നിർവഹിച്ചു. ലാബിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അത്യവശ്യ ഘട്ടത്തിൽ രക്തസാമ്പിൾ ശേഖരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.രക്തസാമ്പിൾ എടുക്കുമ്പോൾ തന്നെ ഫോൺ നമ്പർ കൂടി ശേഖരിക്കും.പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ തന്നെ രോഗിയെ അറിയിക്കും. അത്യാവശ്യ ഘട്ടത്തിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ബോട്ട് ഉപയോഗിക്കും.നിലവിലെ പി.എച്ച് സികളെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്ന നടപടി ജില്ലയിൽ നടന്നുവരുകയാണ്.താലൂക്ക്, ജില്ലാ ആശുപത്രികൾ നവീകരിച്ചു വരുന്നു. മെഡിക്കൽ കോളജിൽ രണ്ട് വർഷമായി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ട്രോമാകെയർ, ഒ.പി. വികസനം എന്നിവ നടന്നു വരുന്നു. ആർദ്രം പദ്ധതി വേഗത്തിലാക്കിയിട്ടുണ്ട്. കുടിവെള്ളം എത്താത്തിടത്ത് അതിന് സൗകര്യം ഒരുക്കി. ജി.എച്ച്.എസ്.കുപ്പപ്പുറത്തെ ക്യാമ്പിൽ മന്ത്രിയെത്തിച്ചത് വള്ളത്തിലാണ്.ഇവിടെ 29 കുടുംബങ്ങളാണ് താമസിക്കുന്നത്.ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിത, ആരോഗ്യ വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ ഡോ. റംലാബീവി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രാംലാൽ, ഡെപ്പൂട്ടി ഡി.എം.ഒ.ഡോ. ജമുന വർഗീസ്, എൻ.എച്ച്.എം.സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. നിത, കുട്ടനാട്ടിലെ ഡോക്ടർമാർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായി.