അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഹരിത കല്യാണം തുടക്കം കുറിക്കുന്നത് സുമയ്യയുടെ മാംഗല്യത്തോടെയാണ്. ഇരു കാലുകളും തളര്‍ന്നെങ്കിലും ജീവിതത്തോട് തോറ്റ് പിറാന്‍ തയ്യാറാകാത്ത സുമയ്യയുടെ ആഗ്രഹവും തന്റെ വിവാഹം മാതൃകാപരമായി നടത്തണമെന്നായിരുന്നു.  അഴിയൂര്‍ കോറോത്ത് റോഡ് സുമയ്യാസില്‍ പരേതനായ ഹനീഫയുടെയും സുലേഖയുടെയും മകളാണ് സുമയ്യ.
പ്രൈവറ്റ് സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയും സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന സുമയ്യ മറ്റ് സ്ത്രീകള്‍ക്ക് മാതൃകയാണ്. പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ പ്ലാസ്റ്റിക്ക് മുക്തമാക്കി കല്യാണം നടത്തണമെന്ന സുമയ്യയുടെ ആഗ്രഹത്തിന് അഴിയൂരിലെ നൂതന പദ്ധതി വേദിയൊരുക്കും. ശുചിത്വ മിഷന്‍ തയ്യാറാക്കി നല്‍കുന്ന ഹരിത കല്യാണ സര്‍ട്ടിഫിക്കറ്റ് സി.കെനാണു എം.എല്‍.എ വിവാഹദിനമായ ഓഗസ്റ്റ് 15 ന് സുമയ്യക്ക് കൈമാറും.  ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കുകയും ചെയ്യും.  കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ വടകര മേഖല കമ്മിറ്റി  കല്യാണത്തിന് ആവശ്യമായ പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്‍കും.