തീരസുരക്ഷയുടെ ഭാഗമായി ജില്ലയില്‍ വടകരയിലും എലത്തൂരും അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വടകര സാന്റ് ബാങ്ക്സില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തീരദേശ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍  മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, കൗണ്‍സിലര്‍മാരായ പി.സഫിയ, പി.വിജയി, ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈഎസ്പി സി.ആര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോള്‍ അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന് സാന്റ് ബാങ്ക്‌സിലെ, റവന്യൂ വകുപ്പ് കൈമാറിയ  24 സെന്റില്‍ 45 ലക്ഷം രൂപ ചെലവഴിച്ചാണ്  ഇരുനില കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. കൊയിലാണ്ടി മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശമുള്‍പ്പെടുന്നതാണ് വടകര സര്‍ക്കിള്‍.
എലത്തൂര്‍ തീരദേശ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എച്ച്.സി.സി എന്‍ജിനീയര്‍ കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ പോലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഓഖി ദുരന്ത സമയത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. പുതിയാപ്പ ഹാര്‍ബറില്‍ 25 സെന്റ് സ്ഥലത്ത് 56,76,139 രൂപ ചെലവില്‍  കേരള പോലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നാല് മാസം കൊണ്ടാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. 2688 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയില്‍ ഇന്‍സ്‌പെക്ടറുടെ മുറി , റൈറ്റര്‍ മുറി, വനിത സിവില്‍ പോലീസ് ഓഫീസര്‍മാരുടെ മുറി, സന്ദര്‍ശക മുറി, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, ലോക്കപ്പ്, ആയുധമുറി, തൊണ്ടി മുതല്‍ സൂക്ഷിക്കാനുള്ള മുറി, റെക്കോര്‍ഡ് മുറി, ശുചി മുറികള്‍, പോര്‍ച്ച് തുടങ്ങിയവയും ഒന്നാം നിലയില്‍ കമ്പ്യൂട്ടര്‍ മുറി, എസ്.ഐയുടെ മുറി, വിശ്രമ മുറികള്‍, ശുചി മുറികള്‍, രണ്ടാം നിലയില്‍ വാച്ച് ടവര്‍ എന്നിവയും ഒരുക്കിയിരിക്കുന്നു.  എലത്തൂര്‍ മുതല്‍ കാപ്പാട് വരെയാണ് സ്റ്റേഷന്‍ പരിധി.
കോസ്റ്റല്‍ പോലീസ് ഡി.ഐ.ജി കെ.പി. ഫിലിപ്പ്, ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷന്‍ കമാണ്ടന്റ് ഫ്രാന്‍സിസ് പോള്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, ഫിഷറീസ് വകുപ്പ് ജോയന്റ് ഡയക്ടര്‍ കെ.കെ. സതീഷ് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ (നോര്‍ത്ത്) ഇ.പി പൃഥ്വിരാജ് എന്നിവര്‍ സംസാരിച്ചു. മുംബൈ ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ തീരസുരക്ഷ ഉറപ്പ് വരുത്താന്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തത്.