* എസ്.എ.പി കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു
മൂന്നാംമുറയും അഴിമതിയും പോലീസ് സേനയിൽ പൂർണമായി ഇല്ലാതാകണമെന്നും, വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബലപ്രയോഗവും ഭീഷണിയുമാണ് പോലീസിന്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് ഇന്നത്തെക്കാലത്ത് മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എ.പി കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളോട് മാന്യമായി പെരുമാറാനും മൂന്നാംമുറ പൂർണമായി അവസാനിപ്പിക്കാനും കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്. ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സ്ത്രീകളും ദുർബലവിഭാഗങ്ങളും ഉൾപ്പെടെ എല്ലാവരുടെയും ആവലാതിക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പോലീസാണ് നാടിനാവശ്യം. അപൂർവം ചിലർ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ല.
ക്യാമ്പിൽ ലഭിച്ച പാഠങ്ങൾക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും നയസമീപനവും കൂടിയുണ്ടെങ്കിലേ സന്നിഗ്ധ ഘട്ടങ്ങളിൽ വിവേകപൂർവമായ തീരുമാനങ്ങളിലൂടെ വിജയിക്കാനാകൂ. നല്ല പോലീസ് ഉദ്യോഗസ്ഥനാകാൻ കഴിവിനപ്പുറം ജോലിചെയ്യുന്ന പ്രദേശത്തെ ജനങ്ങളെ ആഴത്തിലറിയാനുള്ള മനസ് കൂടി വേണം. പോലീസ് സ്വീകരിക്കുന്ന നടപടികൾക്ക് ജനപിന്തുണ ഉണ്ടാകേണ്ടത് പ്രധാനമാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലും നിയമപാലനവുമെന്ന പ്രാഥമിക ദൗത്യത്തിനപ്പുറം ചുമതലാനിർവഹണം ആധുനികകാലത്ത് സങ്കീർണമാണ്. കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും പുതുസാങ്കേതികവിദ്യകളാൽ ആധുനികകാലത്ത് മാറ്റം വന്നിട്ടുണ്ട്. നാട് നേരിടുന്ന ഭീഷണികളും കൂടുതൽ തീവ്രമായി. ജനങ്ങളുടെ ഒരുമയാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും വർഗീയമായും മറ്റു പലതരത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. ഇതോടൊപ്പം സമൂഹവിരുദ്ധ ശക്തികളായ ഭൂ, ലഹരി, ബ്‌ളേഡ് മാഫിയകളും, ഗുണ്ടാ, പെൺവാണിഭ സംഘങ്ങളുമൊക്കെയുണ്ട്. നാട്ടിൽ വാഹനപ്പെരുപ്പത്തിനൊപ്പം ട്രാഫിക് അപകടങ്ങളും വർധിക്കുന്നു. ഇത്തരം വ്യത്യസ്തപ്രശ്‌നങ്ങൾ നേരിടുന്നതിൽ പുതിയ സാങ്കേതികവിദ്യകളും ശാസ്ത്രീയരീതികളും പോലീസിന് സഹായമാകുന്നുണ്ട്.
നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും ചെറിയപ്രായത്തിലുള്ളവരുമാണ് പുതുതായി കടന്നുവരുന്നത് സേനയ്ക്ക് പുതിയമുഖം നൽകുന്നുണ്ട്. പോലീസിൽ വലിയതോതിൽ ആധുനികവത്കരണം നടക്കുന്ന കാലമാണിത്. അതിന്റെ ഭാഗമായി സമ്മർദ്ദ അതിജീവനം, കമ്പ്യൂട്ടർ, ടെലി കമ്യൂണിക്കേഷൻ വിഷയങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ട്. സേവനരംഗത്ത് ഊർജസ്വലതയോടെയും പക്വതയോടെയും പ്രവർത്തിക്കാൻ ഉയർന്ന വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കൂടുതൽ കരുത്ത് പകരും.
മികച്ച സേനയായി മാറാൻ കൂടുതൽ ആൾശേഷിയും മെച്ചപ്പെട്ട സൗകര്യങ്ങളും ആവശ്യമാണെന്ന് സർക്കാരിന് ബോധ്യമുണ്ട്. സംസ്ഥാനത്തിന്റെ പരിമിതികൾക്കിടയിൽനിന്ന് ഇത്തരം കാര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2006 മുതൽ തീർപ്പാകാതെ കിടന്നിരുന്ന എസ്.ഐമാരുടെ സീനിയോരിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകൾ നികത്താനുള്ള നടപടി സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്. പോലീസിൽ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനും, ആവശ്യമായ സ്ഥലങ്ങളിൽ പോലീസ് സ്‌റ്റേഷനുകൾ തുടങ്ങുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.
അതോടൊപ്പം നവീന സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ചെയ്യുകയാണ്. ഇതെല്ലാം ഉപയോഗപ്പെടുത്തി ജനങ്ങളുടെ പിന്തുണയോടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനാണ് ജനാധിപത്യവ്യവസ്ഥയിൽ പോലീസ് ശ്രദ്ധിക്കേണ്ടത്. പെരുമാറ്റത്തിൽ വിനയവും നിയമം നടപ്പാക്കുന്നതിൽ കാർക്കശ്യവുമുള്ള ഉത്തമ പോലീസ് ഉദ്യോഗസ്ഥരായി മാറാൻ കഴിയണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ചടങ്ങിൽ സ്‌പെഷ്യൽ ആംഡ് പോലീസിലെ പുതിയ കോൺസ്റ്റബിൾമാരുടെ പരേഡ് വീക്ഷിച്ച് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരിശീലന കാലയളവിൽ വിവിധമേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, എ.ഡി.ജി.പി ബറ്റാലിയൻ സുധേഷ് കുമാർ, എ.ഡി.ജി.ജി ഡോ.ബി. സന്ധ്യ, ഡി.ഐ.ജി ബറ്റാലിയൻ കെ. ഷെഫീൻ അഹമ്മദ്, എസ്.എ.പി കമാൻഡൻറ് വി.വി. ഹരിലാൽ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഒമ്പതുമാസത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയ 245 പേരാണ് സേനയുടെ ഭാഗമാകുന്നത്.