കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളേജിൽ 83 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കൊച്ചി ഇൻഫോപാർക്കിന്റെ കൈവശമുളള 3 ഏക്ര ഭൂമി സൗജന്യനിരക്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. ഐഐഎംകെക്ക് സാറ്റലൈറ്റ് ക്യാമ്പസ് സജ്ജമാക്കുന്നതിനാണ് സ്ഥലം നൽകുന്നത്.

തീരദേശസേന പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫീസിലേക്ക് 6 സ്ഥിരം തസ്തികകളും ഒരു കാഷ്വൽ സ്വീപ്പർ തസ്തികയും അനുവദിക്കാൻ തീരുമാനിച്ചു.

എയർ എൻക്ലേവ് നിർമ്മിക്കുന്നതിന് കോസ്റ്റ് ഗാർഡിന് അങ്കമാലി വില്ലേജിൽ 29 ആർ ഭൂമി കമ്പോള വില ഈടാക്കി നൽകാൻ തീരുമാനിച്ചു.

നിയമനങ്ങൾ/മാറ്റങ്ങൾ

1. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകുവാൻ തീരുമാനിച്ചു.
2. റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന് നിലവിലുള്ള ചുമതലകൾക്ക് പുറമെ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നൽകുവാൻ തീരുമാനിച്ചു.
3. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന് അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് വനം വന്യജീവി വകുപ്പിന്റെ അധിക ചുമതല കൂടി നൽകുവാൻ തീരുമാനിച്ചു.
4. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കുവാനും പാർലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നൽകുവാനും തീരുമാനിച്ചു.
5. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു.
6. പാർലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായ റ്റി.ഒ. സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു. ഇദ്ദേഹത്തിന് 01.12.2017 മുതൽ കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നൽകുവാനും തീരുമാനിച്ചു.
7. കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വി.കെ. ബേബി വിരമിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (അർബൻ) സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു. ഇദ്ദേഹത്തിന്, എ. അജിത് കുമാർ കേന്ദ്ര ഡെപ്യുട്ടേഷനിൽ നിന്നും തിരികെ പ്രവേശിക്കുന്നത് വരെ എ. ഷാജഹാൻ വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകുവാനും തീരുമാനിച്ചു.
8. സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി പി. വേണുഗോപാലിനെ നിലവിലുള്ള ചുമതലകൾക്ക് പുറമെ വിവര പൊതുജന സമ്പർക്ക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകുവാൻ തീരുമാനിച്ചു.
9. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു. ഇദ്ദേഹം ഇപ്പോൾ വഹിക്കുന്ന അധിക ചുമതലകൾ തുടർന്നും വഹിക്കുന്നതായിരിക്കും.
10. കേന്ദ്ര ഡെപ്യുട്ടേഷനിൽ റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ എ. അജിത് കുമാറിനെ കേഡറിൽ തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) സെക്രട്ടറിയായി നിയമിക്കുവാൻ തീരുമാനിച്ചു.
11. വിനോദ സഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) ജാഫർ മാലികിനെ നോർക്ക റൂട്ട്‌സ് സി.ഇ.ഒ.-യുടെ അധിക ചുമതല നൽകുവാൻ തീരുമാനിച്ചു.
12. സംസ്ഥാന സിവിൽ സർവീസിൽ നിന്നും ഐ.എ.എസ്സിലേക്ക് പ്രൊമോഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട താഴെപ്പറയുന്ന 9 പേരുടെ നിയമനം.
(1.1) ഷാനവാസ് എസ്-നെ ലോട്ടറീസ് വകുപ്പ് ഡയറക്ടറായി നിയമിക്കുവാൻ തീരുമാനിച്ചു.
(1.2) അബ്ദുൾ നാസർ ബി-യെ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണറായി നിയമിക്കുവാൻ തീരുമാനിച്ചു.
(1.3) ഡോ. ഡി. സജിത് ബാബുവിനെ അസാപ് സി.ഇ.ഒ. ആയി നിയമിക്കുവാൻ തീരുമാനിച്ചു.
(1.4്) സുബാഷ് ടി.വി-യെ വിവര പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടറായി നിയമിക്കുവാൻ തീരുമാനിച്ചു.
(1.5്) അഞ്ജന എം-നെ ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി നിയമിക്കുവാൻ തീരുമാനിച്ചു.
(്1.6) ഡോ. പി.കെ. ജയശ്രീയെ വിദ്യാഭ്യാസ മിഷൻ സി.ഇ.ഒ. ആയി നിയമിക്കുവാൻ തീരുമാനിച്ചു.
(്1.7) ഷീബ ജോർജ്ജിനെ പുതുതായി സൃഷ്ടിച്ച വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിക്കുവാൻ തീരുമാനിച്ചു.
(്1.8) എച്ച്. ദിനേശനെ തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിക്കുവാൻ തീരുമാനിച്ചു.
(1.9) പി.കെ. സുധീർ ബാബുവിനെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കുവാൻ തീരുമാനിച്ചു.

സുകോമൾ സെന്നിന്റെ നിര്യാണത്തിൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

ലോക ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് സുകോമൾ സെന്നിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുളളത്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതിനും ആ പോരാട്ടത്തിനാധാരമായ വസ്തുതകൾ യുക്തിപൂർവ്വം അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും അനിതരസാധാരണമായ കഴിവുണ്ടായിരുന്ന ട്രേഡ് യൂണിയൻ നേതാവായിരുന്നു സുകോമൾ സെൻ. സംസ്ഥാന ജീവനക്കാരെ ദേശീയതലത്തിൽ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം നിർണായകമായ പങ്ക് വഹിച്ചു.

സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ ആശയവ്യക്തതയോടെ പൊതുസമൂഹത്തിലെത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സുകോമൾ സെന്നിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. പാർടി പ്രവർത്തകർക്കും ട്രേഡ് യൂണിയൻ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ദുഖം പങ്കിടുന്നു.